കൊച്ചി:ഐഐഎം സമ്പല്‍പൂരില്‍ 2024-26 വര്‍ഷത്തേക്കുള്ള പത്താമത് എംബിഎ ബാച്ച് ആരംഭിച്ചു. ഇക്കുറി ആണുങ്ങളേക്കാള്‍ മൂന്നിരട്ടി പെണ്‍കുട്ടികളാണ് ബാച്ചിലുള്ളത്. ബാച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ അദാനി ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്റ് പ്രസിഡന്റ് സുബ്രത് ത്രിപാതി മുഖ്യാതിഥിയായി. ഹാവല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സുമിത് സാംഗ്വാന് മുഖ്യ പ്രഭാഷണം നടത്തി. ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദേവ് ജയ്സ്വാള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2024-26 എംബിഎ ബാച്ചില്‍ ആകെയുള്ള 320 പേരില്‍ 76 ശതമാനം (244 പേര്) പെണ്‍കുട്ടികളാണ്. 76 ആണ്‍കുട്ടികളാണ് ബാച്ചിലുള്ളത്. എന്ജിനീയര്മാരല്ലാത്തവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. 60 ശതമാനം (194 പേര്) എന്ജിനീയര്മാരല്ലാത്തവരും 40 ശതമാനം (126 പേര്) എന്‍ജിനീയര്‍മാരുമാണ്.
ഐഐഎം സമ്പല്‍പൂര്‍ നവീകരണം, സമഗ്രത എന്നീ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ലിംഗ വൈവിധ്യത്തെ കുറിച്ചുള്ള ആശയത്തിന് തുടക്കം കുറിച്ചെന്നും ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദേവ് ജയ്സ്വാള്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അഞ്ച് ശതമാനം കട്ട്-ഓഫ് കുറയ്ക്കാന്‍ തീരുമാനിച്ചതോടെ 2017 മുതല്‍ 50 ശതമാനം പെണ്‍കുട്ടികള്‍ പ്രവേശനം നേടുന്ന കോളേജ് ആയി ഐഐഎം സമ്പല്‍പൂര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.