അരുവിക്കുത്ത്: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു. മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ അലക്സാ റെജി, ഡോണൽ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം.
ഡോണൽ ഷാജിയുടെ മൃതദേഹം വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്ന് വൈകിട്ട് 6.30നാണ് നാട്ടുകാർ കണ്ടെത്തിയത്. തുടർന്നു കയത്തിൽ നിന്നും 50 മീറ്റർ താഴെ തിരച്ചിൽ നടത്തി, ഈ തിരച്ചിലിലാണ് അക്സയുടെ മൃതദേഹം കിട്ടുന്നത്. തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
രാവിലെ മുതൽ ഇരുവരേയും കാണാനില്ലെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. തുടർന്ന് സഹപാഠികൾ നടത്തിയ തിരച്ചിൽ ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോണുകളിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. അതിനിടെ ഇവിടെ കുളിക്കാനെത്തിയ പ്രദേശവാസികൾ ഫോൺ കണ്ടെത്തി. ഇതോടെയാണ് അപകടവിവരം അറിയുന്നത്. വെള്ളച്ചാട്ടത്തിന് സമീപം ഇരുവരുടെയും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെൺകുട്ടി രാവിലെ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത്. ഇരുവരുടെയും മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.