തൃശ്ശൂര്‍: വയനാട്ടില്‍ ദുരന്തബാധിതരുടെ അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജന്. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അനാവശ്യമായി വിവാദത്തിലേക്ക് ഈ ഘട്ടത്തില്‍ പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദുരന്തബാധിതരില്‍ 2,188 പേര്‍ക്കുള്ള ദിനബത്തയും ദുരന്തബാധിതര്‍ക്കുള്ള ചികിത്സയും ഉറപ്പാക്കും. 8 പ്രധാന റോഡുകള്‍, 4 പാലങ്ങള്‍ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാന്‍ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ജീവനോപാധി ഒരുക്കും.
61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഇവര്‍ക്ക് സ്ഥലം നല്‍കും. 1000 സ്ക്വയര്‍ ഫീറ്റില്‍ വീട് വെച്ച് നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്നവരുടെ ബില്ല് ഡിഎംഒക്ക് സമര്‍പ്പിക്കണം. ഡിഎംഒ തുക അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു.