നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒന്നര വർഷക്കാലം മാത്രം ബാക്കിനിൽക്കെ പാർട്ടികളും മുന്നണികളും എങ്ങനെയും പരമാവധി മണ്ഡലങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. അധികാരം നിലനിർത്തേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ്. എങ്ങനെയും തിരികെ അധികാരത്തിൽ എത്തുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. കരുത്ത് തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയും കേരളത്തിൽ അപ്രസക്തമാകുന്ന സ്ഥിതിയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ഓരോ മുന്നണിയും പാർട്ടികളും നടത്തുന്നത്. സമീപകാലത്ത് തങ്ങളിൽ നിന്നും അകന്നവരെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളും അതാത് പാർട്ടികൾ നടത്തുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി 35 സീറ്റുകളിൽ എങ്കിലും വിജയിക്കുമെന്ന അവകാശവാദം ഒക്കെ നടത്തിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ അതിനു മുൻപ് തുറന്ന നേമത്തെ അക്കൗണ്ട് പൂട്ടുന്ന ഗതിയായിരുന്നു ഉണ്ടായത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ പോലും പാർട്ടി തകർന്നു തരിപ്പണമായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 15 സീറ്റുകളിൽ മാത്രമാണ് ബിജെപി ഒരു ശക്തമായ മത്സരത്തിന് ശ്രമം നടത്തുന്നത്. ഇതിൽ ആകട്ടെ അഞ്ചു മണ്ഡലങ്ങളിൽ മാത്രമാകും പാർട്ടി വിജയപ്രതീക്ഷ വെക്കുന്നതും. പാലക്കാട്, വട്ടിയൂർക്കാവ്, നേമം, മഞ്ചേശ്വരം, തൃശൂർ എന്നീ അഞ്ചു മണ്ഡലങ്ങളിലാകും ബിജെപി പ്രധാനമായും ലക്ഷ്യം വെക്കുക. എന്നാൽ ഈ മണ്ഡലങ്ങളിൽ അടുത്ത തവണ മികച്ച പെർഫോമൻസ് കാഴ്ചവെക്കും എന്നത് അത്രകണ്ട് ഉറപ്പുള്ള കാര്യമല്ല.
പലയിടങ്ങളിലും പാർട്ടിക്കുള്ളിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിലെ തർക്കങ്ങളും പൊട്ടിത്തെറികളും നാം കണ്ടതാണ്. നഗരസഭ ഭരണം മികച്ച ഭൂരിപക്ഷത്തിൽ ബിജെപിയുടെ കൈയിലുള്ളപ്പോഴാണ് ഉപതെരഞ്ഞെടുപ്പിൽ എ ക്ലാസ് മണ്ഡലമായ പാലക്കാട് പാർട്ടി തകർന്നു തരിപ്പണമായത്. ഭൂരിഭാഗം ജില്ലകളിലും പാർട്ടിക്കുള്ളിൽ ഇതേ വിഭാഗീയത നിലനിൽക്കുന്നുണ്ട്. നിലവിൽ പാർട്ടിക്കുള്ളിൽ പുനസംഘടന നടന്നുവരികയാണ്. പുനസംഘടന പൂർത്തീകരിക്കപ്പെടുന്ന ജില്ലകളിലെല്ലാം തന്നെ തർക്കങ്ങളും കയ്യാങ്കളിയും പതിവാണ്. ബിജെപി ലക്ഷ്യം വെക്കുന്ന സീറ്റുകകളിൽ ഉൾപ്പെടാത്ത ചില മണ്ഡലങ്ങളിലാണ് രാഷ്ട്രീയ നിരീക്ഷകർ അവർക്ക് വിജയം പ്രവചിക്കുന്നത്. പ്രധാനമായും കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നോർത്ത്, ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലങ്ങളിൽ ആണ് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
കായംകുളം മണ്ഡലത്തിൽ ബിജെപിയുടെ പുലിക്കുട്ടി ശോഭാ സുരേന്ദ്രനിലൂടെ മണ്ഡലം മികച്ച ഭൂരിപക്ഷത്തിൽ നേടിയെടുക്കുമെന്നാണ് പലരുടെയും പ്രവചനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് അവർ ആലപ്പുഴ മണ്ഡലത്തിൽ കാഴ്ചവെച്ചത്. പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ അന്തിമഘട്ടത്തിൽ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമായിരുന്നു കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകുന്നത്. ആ തീരുമാനം ആകട്ടെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്തു. കൃഷ്ണകുമാറിന് പകരം ശോഭാസുരേന്ദ്രൻ ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ബിജെപിക്ക് പാലക്കാട് അട്ടിമറി വിജയം സുനിശ്ചിതമായിരുന്നു. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്. ആലപ്പുഴയിലെ കെ സി വേണുഗോപാലിനെതിരായ പോരാട്ടവും ശോഭയ്ക്ക് പൊൻതൂവൽ ആണ്.
കോഴിക്കോട് നോർത്ത് മണ്ഡലത്തിലേക്ക് വരുമ്പോൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് പാർലമെന്റിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച നവ്യ ഹരിദാസ് ബിജെപിയ്ക്ക് വേണ്ടി മത്സരിക്കുന്നതിലൂടെ മണ്ഡലം നേടിയെടുക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി കോഴിക്കോട് നഗരസഭയിൽ കൗൺസിലർ ആണ് നവ്യ. ചെറുപ്പവും വിദ്യാഭ്യാസവും സ്വീകാര്യതയും നവ്യയ്ക്ക് മുതൽക്കൂട്ടാണ്. വയനാട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച അനുഭവസമ്പത്തും അന്ന് ലഭിച്ച അംഗീകാരങ്ങളും അവർക്ക് കൂടുതൽ സാധ്യതകൾ നൽകുന്നതാണ്. ശോഭയും നവ്യയും വിജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുമ്പോൾ നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിച്ചാൽ നിലം തൊടില്ലെന്നും വ്യക്തമാണ്. ബിജെപി അഞ്ച് മണ്ഡലങ്ങളിൽ വിജയിക്കുക പോലും അത്ര എളുപ്പമല്ല. യുഡിഎഫ്, എൽഡിഎഫ് വോട്ടുകൾ കൃത്യമായി ചോർന്നാലെ ആ മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയം എളുപ്പമാകൂ. ഒട്ടേറെ മണ്ഡലങ്ങളിൽ വിജയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും കേരളം ആരു ഭരിക്കുമെന്നത് ബിജെപി നിർണയിക്കുന്ന ഘട്ടം ഉണ്ടാകുമെന്ന് നേതാക്കൾ കണക്കുകൂട്ടുന്നു.
സംസ്ഥാന ഭരണം വീണ്ടും എൽഡിഎഫിലേക്ക് തന്നെ പോകണമെന്നാണ് ബിജെപിയുടെ മനസ്സിലുള്ളത്. അങ്ങനെ വീണ്ടും തുടർഭരണം ഉണ്ടായാൽ ദേശീയതലത്തിൽ തങ്ങളുടെ പ്രധാന എതിരാളികളായ കോൺഗ്രസ് സംസ്ഥാനത്ത് ഇല്ലാതെയാകുമെന്നും ക്രമേണ സിപിഎമ്മും ക്ഷയിക്കുമെന്നും അതിന്റെ നേട്ടം ബിജെപിക്ക് ഭാവിയിൽ ഉണ്ടാകുമെന്നും നേതൃത്വം കരുതുന്നു. അതേസമയം, കേരളത്തിലെ ഭാവി പ്രവർത്തനങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും ദേശീയ നേതൃത്വം തന്നെയായിരുന്നു നേരിട്ട് കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത്. യുവാക്കളെയും സ്ത്രീകളെയും തങ്ങൾക്കൊപ്പം എങ്ങനെയും നിർത്തുന്നതിനുള്ള കുറുക്ക് വഴികൾ ആലോചിക്കുകയാണ് ബിജെപി. പരമാവധി ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള ചെറുപ്പക്കാരെയും വനിതകളെയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉയർത്തിക്കാട്ടുകയാണ് ബിജെപിയുടെ ലക്ഷ്യം. അതുവഴി പരമാവധി പ്രാദേശിക അധികാര സ്ഥാനങ്ങളിലേക്ക് കടന്നുവന്ന ശേഷം അവരെ രംഗത്തിറക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയങ്ങൾ നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. പടല പിണക്കങ്ങളും അധികാര തർക്കങ്ങളും നിലനിൽക്കുന്ന ബിജെപിക്ക് കേരളം കൈലൊതുക്കുക എത്രകണ്ട് നടക്കുമെന്നത് രാഷ്ട്രീയ കേരളം കാത്തിരുന്ന് കാണേണ്ടതാണ്.