ഹൈദരാബാദ്: പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം കൈമാറി ചിത്രത്തിന്റെ നിർമാതാക്കൾ. യുവതിക്കൊപ്പം പരിക്കേറ്റ ഇവരുടെ മകൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് എത്തിയാണ് നിർമാതാവ് നവീൻ യെർനേനി കുടുംബത്തിന് ചെക്ക് കൈമാറിയത്. യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും ഇവരുടെ കുടുംബത്തിനുള്ള പിന്തുണയായിട്ടാണ് തുക നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയതിനെ തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. യുവതിയുടെ മകനും ഗുരുതരമായി പരിക്കേറ്റു. കുട്ടിയിപ്പോൾ കോമയിൽ ചികിത്സയിലാണ്.
യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരേ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലിൽ കഴിയേണ്ടിവന്ന അല്ലു അർജുൻ ഇടക്കാല ജാമ്യത്തിൽ പിന്നീട് പുറത്തിറങ്ങി. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്.മരിച്ച യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈദരാബാദിലുള്ള നടന്റെ വീട്ടിൽ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. ഇതെതുടർന്ന് എട്ട് പേരാണ് അറസ്റ്റിലായത്.