കൊച്ചി: പിന്നണി ഗായകൻ എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികം. 2500 രൂപയാണ് വീഡിയോ പകർത്തിയ നസീമിന് മുളവുകാട് പഞ്ചായത്ത് പാരിതോഷികമായി നൽകിയത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തവർക്ക് ലഭിക്കുക.
എനിക്കുള്ള 25000 രൂപ എപ്പോൾ കിട്ടുമെന്ന ചോദ്യത്തോടെയാണ് നസീം മാലിന്യം വലിച്ചെറിയുന്ന വീഡിയോ മന്ത്രി എം ബി രാജേഷിന് ടാഗ് ചെയ്ത് മാർച്ച് 27ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം നടന്നതാണെന്ന് ബോധ്യപ്പെട്ടത്. അന്നുതന്നെ വീട്ടുടമയായ എംജി ശ്രീകുമാറിന് 25,000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയതായി മന്ത്രി പോസ്റ്റിനു താഴെ മറുപടിയിൽ അറിയിക്കുകയും ചെയ്തിരുന്നു.
മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി മറുപടി നൽകി. പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി വീഡിയോ ആരോപണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയും ശ്രീകുമാർ പിഴ ഒടുക്കുകയും ചെയ്തു. ഒടുക്കിയിരുന്നു.
സംഭവത്തിൽ പ്രതികരണവുമായി ഗായകൻ രംഗത്തെത്തുകയും ചെയ്തു. താൻ തിരുവനന്തപുരത്താണ് താമസമെന്നും വീട്ടിലെ ജോലിക്കാരാണ് മാലിന്യം കായലിലേക്ക് എറിഞ്ഞതെന്നും പറഞ്ഞു. എറിഞ്ഞത് മാലിന്യമല്ല വീട്ടുമുറ്റത്തു നിന്ന മാവിൽ നിന്ന് വീണ മാമ്പഴമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റ് പറ്റിയെന്നും പിഴ ഒടുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.