ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിച്ചെത്തിയ ‘വർഷങ്ങൾക്കു ശേഷം’ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിഷു റിലീസായെത്തിയ ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയത് ആറുദിവസം കൊണ്ടാണ്. അടുത്ത 100 കോടിയിലേക്ക് കാലെടുത്തു വെക്കാൻ തയ്യാറായി കൊണ്ടിരിക്കുകയാണ് ചിത്രം.
സാക്നിൽക്കിൻ്റെ റിപ്പോർട്ടനുസരിച്ച് ചിത്രം ആഗോളതലത്തിൽ ഇതിനോടകം 90 കോടി കവിഞ്ഞു. വരും ദിവസങ്ങളിൽ 100 കോടി ക്ലബ്ബിൽ പടം എത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം ‘വർഷങ്ങൾക്ക് ശേഷം’ 21.31% ഒക്യുപ്പൻസി നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രം 30.76 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.
1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. മദിരാശി പ്രമേയമാക്കി ഒരുപാട് ചിത്രങ്ങൾ മലയാളത്തിൽ വന്നു പോയിട്ടുണ്ടെങ്കിലും മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.