വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായതിനാല്‍ ലോഡ് ഷെഡിങ് നടപ്പാക്കേണ്ടതില്ലെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം തീരുമാനിച്ചു. വൈകുന്നേരം ഉപഭോഗം കൂടിയ (പീക്ക്) സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വന്നതിനാല്‍ പ്രാദേശിക നിയന്ത്രണവും കാര്യമായി വേണ്ടി വരില്ല എന്നാണു വിലയിരുത്തല്‍.
വേനല്‍ മഴയെത്തുടര്‍ന്നു വൈദ്യുതി ആവശ്യത്തില്‍ കുറവുണ്ടായി. ബുധനാഴ്ച പരമാവധി ആവശ്യം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെക്കാള്‍ 493 മെഗാവാട്ട് കുറവ്. പ്രതിദിന ആകെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ച 11.002 കോടി ആയിരുന്നതു ബുധനാഴ്ച അല്പം കുറഞ്ഞ് 10.914 കോടി യൂണിറ്റായി.
ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത,12 ന് രണ്ട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്
വന്‍കിട വൈദ്യുതി ഉപയോക്താക്കള്‍, ജല അതോറിറ്റി, ലിഫ്റ്റ് ഇറിഗേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗത്തില്‍ ഏകദേശം 117 മെഗാവാട്ടിന്റെ കുറവ് വരുത്തിയതായി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ പീക്ക് സമയത്തെ ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി.ഉപയോഗം കുറയ്ക്കണമെന്ന അഭ്യര്ഥനയോടു ജനങ്ങള്‍ സഹകരിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. പ്രതിസന്ധി വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച വീണ്ടും യോഗം ചേരും.