വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്. 50പേരടങ്ങുന്ന സംഘമാണ് എത്തുക. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. അധികം വൈകാതെ സംഘം കൽപറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിലെത്തും.
പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ സംഘത്തിലുണ്ട്. വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുക.
ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും.
കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് കരസേനയുടെ 190 അംഗ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ഇതിൽ 138 പേർ നേരത്തെ പുറപ്പെട്ടിരുന്നു എൻഡിആർഎഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ ടീമുകളും രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് കൂടുതൽ ആർമി, എയർ ഫോഴ്സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങൾ വയനാട്ടിലേക്ക് തിരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. വയനാടിന് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം നൽകിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉരുൾ പൊട്ടലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം അറിയിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.