രാജേഷ് തില്ലങ്കേരി
അദാനിയുടെ ഓഫ്ഷോര്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചും അവരുടെ ഭര്‍ത്താവും ഗണ്യമായ അളവില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇന്നലെ രാത്രിയോടെയാണ് ഹിന്‍ഡെന്‍ബെര്‍ഗ് മാധബിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്.
അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ സെബി അധ്യക്ഷയ്ക്ക് ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 129 പേജുള്ള റിപ്പോര്‍ട്ട് തങ്ങളുടെ രണ്ടു വര്‍ഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നും ഹിന്‍ഡെന്‍ബര്‍ഗ് അവകാശപ്പെട്ടു.കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷവും റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അദാനിഗ്രൂപ്പിനെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍തോതില്‍ മൂല്യത്തകര്‍ച്ച നേരിട്ടു. അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം.ഇതോടെ അദാനി എന്റര്‍പ്രൈസസിന് എട്ടു വര്‍ഷത്തിനിടെ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്.വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമം നടക്കുന്നു.ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൗതം അദാനിയുടെ സഹോദരന് വിനോദ് അദാനിയുടെ നേതൃത്വത്തില്‍ മൗറീഷ്യസ് പോലുള്ള, നികുതി സ്വര്‍ഗ്ഗത്തില്‍- വിദേശ രാജ്യങ്ങളില്‍ ഇരുന്നുകൊണ്ട് ഓഹരി വിപണിയിലെ കൃത്രിമം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആദ്യ ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ വിശദമായിത്തന്നെ പ്രതിപാദിച്ചിരുന്നു.അദാനിയുടെ ഓഹരി വിപണിയിലെ കൃത്രിമത്വങ്ങളെക്കുറിച്ചുള്ള വിഷയങ്ങളില്‍ സെബി ചെയര്മാന് മാധബി പുരി ബുച്ച് കൃത്യമായ മൗനം പാലിക്കുകയായിരുന്നു നാളിതുവരെ.2023 ജനുവരിയില്‍ ആദ്യ ഹിന്‍ഡന്‍ബെര്‍ഗിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി അവര്‍ പറഞ്ഞത്, അദാനി- ഹിൻഡന്ബര്ക്ക് വിഷയത്തില്‍ അഭിപ്രായം പറയുന്നത് സബ് ജെസ്റ്റിസ് ആകുമെന്നായിരുന്നു . എന്നാല്‍ അദാനിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അവര്‍ അന്വേഷണം നടത്താന്‍ വിസമ്മതിക്കുകയോ മൗനം പാലിക്കുകയോ ചെയ്തുപോന്നിരുന്നുവെന്നത് സംശയത്തിന്റെ ചോദ്യശരങ്ങള്‍ മാധബിക്കുനേരെ വരികയാണ്.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് 300 കോടി രൂപ തിരിച്ചടക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മാധബി പുരിയുടെ മറുപടി ‘Entity specific issues’ ല്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നായിരുന്നു ‘Entity specific’ ആയി എന്തുകൊണ്ട് അവര്‍ മൗനം പാലിച്ചു എന്നതിന്റെ ഉത്തരമാണ് ഹിന്‍ഡന്‍ബെര്‍ഗ് ഇപ്പോള്‍ പുറത്തിവിട്ടിരിക്കുന്നത്.
2022 ലാണ് സെബിയുടെ ചെയര്‍പേഴ്സണ്‍ ആയി മാധബി പുരി ബുച്ച് നിയമിക്കപ്പെടുന്നത്. ഇതേ മാധബി ബുച്ച് തന്നെയായിരുന്നു 2021 ല്‍ അദാനി ഓഹരികളുടെ ഉടമസ്ഥത സംബന്ധിച്ച അന്വേഷണത്തിന് സെബിയെക്കൊണ്ട് ഉത്തരവ് ഇറക്കിപ്പിച്ചതെന്നും ഈ അവസരത്തില്‍ ഒന്നോര്‍ക്കുന്നത് നല്ലതായിരിക്കും. മാധബി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കു എത്തിയതോടെ അദാനി ഓഹരികള്‍ സംബന്ധിച്ച അന്വേഷണം നിലച്ചിരുന്നു. ഓഹരി വിപണിയിലെ കൃത്രിമത്വങ്ങളെ നിയന്ത്രിക്കുക എന്നതാണ് സെബിയുടെ പ്രധാന ജോലി.!
സെബിയെ ആര് നിയന്ത്രിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം
അദാനി സാമ്രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ നിഗൂഢ കളികളെക്കുറിച്ചാണ് ആദ്യ ഹിന്‍ഡന്‍ബെര്‍ഗിന്റെ വെളിപ്പെടുത്തലുകള്‍.ഓഹരി വിപണികള്‍ നിയന്ത്രിക്കുകയും കള്ളക്കളികള്‍ പുറത്തുകൊണ്ടുവരികയും ചെയ്യേണ്ട സെബിയും സെബിയുടെ ചെയര്‍പേഴ്സണും അദാനിയുടെ രഹസ്യ നിക്ഷേപത്തിന് ചുക്കാന്‍ പിടിച്ചെന്ന വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സെബി ചെയര്‍പേഴ്സണ്‍ മാധബിയും അവരുടെ ഭര്‍ത്താവും വിദേശത്തുള്ള അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപം നടത്തിയെന്ന ഹിന്‍ഡന്‍ബെര്‍ഗിന്റെ വെളിപ്പെടുത്തലില്‍ കേന്ദ്രസര്‍ക്കാരും മൗനം തുടരുകയാണ്.മൗറീഷ്യസ്, ബര്‍മുഡ അടക്കമുള്ള രാജ്യങ്ങളിലാണ് നിക്ഷേപമെന്നാണ് യു എസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രതികരിച്ചു.ഹിന്‍ഡന്‍ബെര്‍ഗിനെതിരേ എന്‍ഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തതിന്റെ പ്രതികരമായാണ് ഈ വ്യക്തഹത്യയെന്നും മാധബി പുരി ബുച്ച് കൂട്ടിച്ചേര്‍ത്തു.