കൊല്‍ക്കത്ത: പി.ജി. ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയില്‍ നേരത്തെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത ആര്.ജി. കര് മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് ആണ് നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നത്.
സംഭവദിവസം ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും അന്വേഷണസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മെഡിക്കല്‍ കോളേജില്‍ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ഡോക്ടറായ യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം.
ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെയാണ് ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായത്.