കൊല്‍ക്കത്ത: ആര്.കെ. കര് മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സംശയങ്ങളും അഭ്യൂഹങ്ങളും ബാക്കി. കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയിക്ക് ഒറ്റയ്ക്ക് കൃത്യം നടത്താനാകുമോ എന്ന സംശയവും സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില ഓഡിയോക്ലിപ്പുകളുമാണ് ചര്‍ച്ചയാകുന്നത്. അതേസമയം, നിലവില്‍ സഞ്ജയ് റോയി മാത്രമാണ് കേസിലെ പ്രതിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ലെന്നും പോലീസ് പറയുന്നു.വനിതാ ഡോക്ടറെ ഉപദ്രവിച്ച് കൊലപ്പെടുത്താന്‍ സഞ്ജയ് റോയിക്ക് ഒറ്റയ്ക്ക് കഴിയുമോ എന്നതാണ് സംഭവവുമായി ബന്ധപ്പെട്ട പ്രധാനസംശയം. അരമണിക്കൂറിനുള്ളില്‍ ഒരാള്‍ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ ചെയ്തുവെന്നതും ചോദ്യമാണ്. മാത്രമല്ല, അരമണിക്കൂറോളം ഉപദ്രവിച്ചിട്ടും വനിതാ ഡോക്ടര്‍ നിലവിളിക്കുന്നത് ആശുപത്രി കെട്ടിടത്തിലുണ്ടായിരുന്ന മറ്റാരും കേട്ടില്ലേ എന്ന ചോദ്യവും ബാക്കിനില്ക്കുന്നു.
ഇതിനിടെയാണ് സംഭവത്തെക്കുറിച്ച് സംശയങ്ങളുയര്‍ത്തുന്ന ഒരു ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നത്.കൊലപാതകം നടന്ന ആര്.കെ. കര് മെഡിക്കല്‍ കോളേജിലെ ഇന്റേണും മറ്റൊരു ആശുപത്രിയില പി.ജി. ട്രെയിനി ഡോക്ടറും തമ്മിലുള്ള ഫോണ്‍സംഭാഷണമെന്ന പേരിലാണ് ഈ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് മറ്റുസ്ഥിരീകരണങ്ങളൊന്നുമില്ല.