വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പിടിയിലായ മുൻ മാനേജർ മധാ ജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജയകുമാറിനെ ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ബുധനാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.26.24 കിലോഗ്രാം സ്വർണം കണ്ടെത്തുന്നതിന് ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതിനാലാണ് ഇത്രയും ദിവസം കസ്റ്റഡി വേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.കർണാടക – തെലങ്കാന അതിർത്തിയിലെ ബിദർ ഹുംനാബാദിൽനിന്നാണ് ഇയാളെ പിടികൂടിയത്. പുണെയിലേക്ക് കടക്കാൻ പുതിയ സിംകാർഡ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ ഹുംനാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായെങ്കിലും ഇയാളിൽനിന്ന് സ്വർണമൊന്നും ലഭിച്ചിട്ടില്ല. കുറച്ച് പണം കിട്ടിയിട്ടുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽനിന്ന് 17.20 കോടി രൂപ മൂല്യമുള്ള 26.24 കിലോഗ്രാം സ്വർണം മധാ ജയകുമാർ കടത്തി പകരം വ്യാജസ്വർണം വെച്ചെന്നാണ് കേസ്. 42 അക്കൗണ്ടുകളിലുള്ള സ്വർണമാണിത്. ഇതെല്ലാം ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.