തിരുവനന്തപുരം: ഇന്ത്യൻ വനിതാ ടീമംഗവും എ ടീം ക്യാപ്റ്റനുമായ മിന്നുമണി കേരളം വിടുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഇനി റെയിൽവേയുടെ ജേഴ്സിയണിയും. റെയിൽവേ ജീവനക്കാരിയായതിനാൽ മിന്നുമണിക്ക് റെയിൽവേക്കായി കളിക്കേണ്ടതുണ്ട്.
റെയിൽവേക്ക് കളിക്കുന്നതിനായി കെ.സി.എ. മിന്നുമണിക്ക് അനുമതിയും നൽകി. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലുള്ള മിന്നുമണി മികച്ചഫോമിലാണ്.
കേരളത്തിനായി 16-ാം വയസ്സുമുതൽ കളിക്കുന്ന മിന്നുമണി കഴിഞ്ഞവർഷമാണ് ദേശീയടീമിൽ ഇടംനേടിയത്. റെയിൽവേയിൽ ജോലിനേടിയെങ്കിലും മിന്നുമണി കേരളത്തിനായി കളിക്കുമെന്നായിരുന്നു കെ.സി.എ.യുടെ പ്രതിക്ഷ.
എന്നാൽ, തങ്ങളുടെ താരങ്ങളെല്ലാം സ്വന്തം ടീമിനായി കളിക്കണമെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. ഇതോടെ മലയാളിയായ ഇന്ത്യൻ താരം ആശാ ശോഭനയും കേരളത്തിലേക്കെത്തില്ലെന്നുറപ്പായി. നേരത്തേ കേരളത്തിന് കളിച്ചിരുന്ന ആശ, കഴിഞ്ഞ കുറച്ചുകാലമായി പുതുച്ചേരി, റെയിൽവേ ടീമുകൾക്കാണ് കളിക്കുന്നത്