ടെലഗ്രാമിന്റെ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് അറസ്റ്റില്‍.ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്നാണ് കുറ്റം.അസര്‍ബൈജാനില്‍ നിന്ന് തന്റെ സ്വകാര്യ ജെറ്റില്‍ എത്തിയതായിരുന്നു അദേഹം.ടെലഗ്രാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നാണ് സൂചന.ദുരോവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അറസ്റ്റിനെ കുറിച്ച് ഔദ്യോഗിക പ്രതികരണം ടെലഗ്രാം നടത്തിയിട്ടില്ല.പാരിസിലെ റഷ്യന്‍ എംബസിയുടെ പ്രതികരണവും അറിവായിട്ടില്ല.
പവേലിനെതിരെ രേഖപ്പെടുത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.മുപ്പത്തിയൊമ്പതുകാരനായ പവേല്‍ ദുരോവ് റഷ്യന്‍ വംശജനാണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യണ്‍ ഡോളറിന്റെ ആസ്തി ദുരോവിനുണ്ട് എന്നാണ് ഫോബ്സ് കണക്കാക്കുന്നത്. ദുരോവും സഹോദരന് നിക്കോലായും ചേര്‍ന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്.