മുകേഷ് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിന് സി പി എം മുഖവിലകൊടുക്കാതിരുന്നത് എന്തുകൊണ്ടായിരിക്കാം ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കലുഷിതമായ മലയാള സിനിമാ രംഗത്തേയും ഒപ്പം വെട്ടിലായ സര്‍ക്കാരും ഇനി എന്ത് നിലപാടാണ് സ്വീകരിക്കുക ? മുകേഷ് വിഷയത്തില്‍ സി പി എമ്മിന്റെ നീക്കം എന്തായിരിക്കാം ?
സ്ത്രീപീഡന കേസില്‍ കുറ്റാരോപിതനായ ഒരാള്‍ സി പി എം എം എല്‍ എയാണെന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ശക്തമായ നടപടിയുണ്ടാവണമെന്നുമായിരുന്നു സി പി എം പൊളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന വനിതാ നേതാവുമായ വൃന്ദാ കാരാട്ടിന്റെ പ്രതികരണം. കേരളത്തിലെ സി പി എം നേതാക്കള്‍ പക്ഷേ, വൃന്ദാകാരാട്ടിന്റെ അഭിപ്രായത്തിന് പുല്ലുവിലയാണ് കല്‍പ്പിച്ചത്.
ദേശീയതലത്തില്‍ സി പി എമ്മിന് തലതാഴ്ത്തേണ്ട സാഹചര്യം ഉണ്ടായതോടെയാണ് രാജ്യത്തെ പ്രമുഖ വനിതാ നേതാവായ വൃന്ദാകാരാട്ട് മുകേഷ് സ്ഥാനമൊഴിയണമെന്ന നിലപാട് സ്വീകരിച്ചത്. എന്നാല്‍ കേരളത്തിലെ ഇടത് വനിതാ നേതാക്കള്‍ തീര്‍ത്തും പിന്തിരിപ്പന് നിലപാടാണ് സ്വീകരിച്ചത്.
ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവരടക്കമുള്ള ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും അടക്കമുള്ള സ്ത്രീ സംഘടനകള്‍ മുകേഷിനെ സംരക്ഷിക്കാനുള്ള നിലപാടിന് പിന്നില്‍ എന്താണ് സി പി എം ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. എന്തായാലും മുകേഷിനെ സംരക്ഷിക്കാന്‍ തന്നെയാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. കൊല്ലം ജില്ലാകമ്മിറ്റിയുടെ പ്രതികരണം ആരാഞ്ഞതിന് ശേഷം മുകേഷിന്റെ രാജിയില്‍ അന്തിമ തീരുമാനം എന്നായിരുന്നു ഇന്നലത്തെ പാര്‍ട്ടി നിലപാട്.
എന്നാല്‍ ഇ പി ജയരാജന് എന്ന തുറുപ്പ് ചീട്ടിറക്കി മുകേഷ് വിവാദത്തെ തണുപ്പിക്കാനുള്ള നീക്കമാണ് സി പി എമ്മിന്റെ ഭാഗത്തുനിന്നും ഇന്നുണ്ടായത്. ഇതാണ് സി പി എം. എന്ത് വിഷയത്തേയും തന്ത്രപരമായി കൈകാര്യം ചെയ്യാനറിയാം ആ പാര്‍ട്ടിക്ക്.
എന്ത് തീരുമാനം, എപ്പോള്‍ എടുക്കണം, അതുപോലെ എവിടെ എന്തു പറയണം, എന്ത് ചെയ്യണമെന്നൊക്കെ വളരെ വ്യക്തമായ ധാരണയുള്ളവരാണ് ഈ പാര്‍ട്ടിയില്‍ ഉള്ളത്. അല്ലാതെ നേതാക്കള്‍ തമ്മില്‍ തെറി പറയുന്നരീതി അവര്‍ക്കില്ല, ഒരാള്‍ പറയും അത് ഏറ്റ് എല്ലാവരും പറയും അത് തെറ്റായാലും ശരിയായാലും.
രാത്രിയില്‍ ഇത് പകലെന്ന് പറഞ്ഞാല്‍ അല്ല ഇത് രാത്രിയെന്ന് പറയാന്‍ ആരും സി പി എമ്മില്‍ തയ്യാറാവില്ല. അങ്ങനെ ശ്രമിച്ചവരൊക്കെ 51 അതില്‍ കുറവും കൂടുതലുമൊക്കെ വെട്ടേറ്റ് മരിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പൂര്‍ണമായും വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. വെട്ടിനിരത്തപ്പെട്ടിട്ടുണ്ട് എന്നൊക്കെ എല്ലാവര്ക്കും അറിയാവുന്നതാണ്.
ഇവിടെ സി പി എം ഒരുക്കുന്ന കെണികളില്‍ അകപ്പെട്ടുപോവുന്ന മാധ്യമങ്ങളുടെ ദയനീയാവസ്ഥയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ മതി. അത് ഇ പി ജയരാജനായാലും മുകേഷായാലും രജ്ഞിത്തായാലും അവര്‍ക്ക് പ്രത്യേകിച്ചൊന്നുമില്ലല്ലോ.
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുനെ തേടിയുള്ള വാര്‍ത്തയിലും കേരളത്തെ നടുക്കിയ വയനാടിലെ ഉരുള്‍പൊട്ടല്‍ ആയാലും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് പുറകേയാണ്. സംഭവങ്ങള്‍ക്ക് പിറകേയല്ല.
കോഴിക്കോട് പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പ്രതിയെന്നോ, ഏത് വമ്പനാണ് പണം വാങ്ങിയതെന്നോ ആരും അന്വേഷിച്ചില്ല.
പ്രമോദ് കോട്ടൂളിയെന്ന ഒരു പ്രാദേശിക നേതാവിനെ ബലികൊടുത്ത് പ്രശ്നം പരിഹരിച്ചു. മാധ്യമങ്ങള്‍ കളം വിട്ടു. കണ്ണൂരില്‍ പ്രമുഖനായ സി പി എം നേതാവ് ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘത്തേയും സ്വര്‍ണം പൊട്ടിക്കല്‍ മാഫിയേയും സംരക്ഷിക്കുന്നുവെന്ന ആരോപണത്തിലും ഏറെ മുന്നേട്ടേക്ക് പോവാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇതൊക്കെത്തന്നയല്ലേ കരിമണല്‍ മാസപ്പടി കേസിലും കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച കേസിലുമൊക്കെ ഉണ്ടായിത്.
മാധ്യമങ്ങള്‍ ഹേമാ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചാകരയുടെ പുറത്താണ്. നിരവധി സിനിമാ താരങ്ങളുടെ പേരില്‍ ലൈംഗികാരോപണങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഇതിനു പിന്നാലേ പായുന്ന മാധ്യമങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാണ്, ഒന്നിനും വ്യക്തത വരുത്തുന്നില്ല…
ഏറ്റവും ഒടുവില്‍ ഇതാ സി പി എം ഇട്ടുകൊടുത്ത ഇ പി ജയരാജന് എന്ന എല്ലിന് കഷണത്തില്‍ പിടിച്ച് വലിക്കുകയാണ്. കിടിച്ചു വലിക്കട്ടെ അത് തീരുമ്പോള്‍ നമുക്ക് മറ്റൊരു എല്ലിട്ടുകൊടുക്കാം… മുകേഷ് എന്തായാലും സുരക്ഷിതനായിരിക്കും… കാലം എല്ലാം മറയ്ക്കുമല്ലോ… എല്ലാം മായ്ക്കുമല്ലോ.. മുകേഷ്, വീട്ടില്‍ ഇ പി ജയരാജന്റെ ഒരു ഫോട്ടോ വെക്കട്ടേ… ഇ പി ഈ വീടിന്റെയും ഒപ്പം എന്റെയും ഐശ്യര്യം എന്ന കുറിപ്പോടെ…