തിരുവനന്തപുരം: ഇപി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് ടിപി രാമകൃഷ്ണന് പകരം ചുമതല നല്കി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇപി ജയരാജന്റെ പ്രവര്‍ത്തനത്തില്‍ പരിമിതികളുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്നങ്ങളും കാരണമായി. പല വിഷയങ്ങളും പരിശോധിച്ചതിന്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരുമെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അമാന്തം കാട്ടിയിട്ടില്ല. കുറ്റാരോപിതനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും പ്രതികളാണെന്നും എന്നാല്‍ അവരാരും രാജിവെച്ചിട്ടില്ല. ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചാല്‍ കുറ്റവിമുക്തനായാല്‍ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നം ഉണ്ടായിരുന്നു. അതിനാലാണ് അത് പുറത്ത് വിടാതിരുന്നതെന്നും എംവി ഗോവിന്ദന് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കേരളത്തില്‍ ഉണ്ടാക്കിയതെന്ന് എംവി ഗോവിന്ദന് പറഞ്ഞു. ഇത് ജുഡീഷ്യല്‍ കമ്മീഷനല്ല. ഹേമ കമ്മിറ്റി നല്കിയ ശുപാര്‍ശ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സിനിമാ രംഗത്ത് ഐസിസി ആദ്യം തുടങ്ങിയത് കേരളത്തിലാണ്. സിനിമാ നയ രൂപീകരണത്തിന് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിനിമാ കോണ്‍ക്ലേവിന് എതിര് നിലപാടുകളുമുണ്ട്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകും. നിയമനിര്‍മ്മാണവും ട്രിബ്യൂണലും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി രാജ്യത്തിന് മാതൃകയാണ്. ഗുസ്തി താരങ്ങളുടെ പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തത് എന്താണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. മുകേഷ് രാജിവെക്കണമെന്ന നിലയില്‍ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ച നടത്തി. രാജ്യത്ത് 135 എംഎല്‍എമാരും 16 എംപിമാരും സ്തീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. കേരളത്തില്‍ 2 എംഎല്‍എമാര്‍ക്കെതിരെ കേസുണ്ട്. ഒരാള്‍ ജയിലിലും കിടന്നു. എന്നിട്ടും 2 പേരും രാജിവെച്ചില്ല.
ഉമ്മന്‍ചാണ്ടി അടക്കം നിരവധി നേതാക്കളുടെ പേരില്‍ കേസ് മുന്‍പ് വന്നിട്ടുണ്ട്. അവരാരും രാജി വച്ചിട്ടില്ല. മന്ത്രിമാരെ പോലെ എക്സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കില്‍ മാറ്റി നര്‍ത്താം. കുറ്റം ആരാപിക്കപ്പെട്ട ജനപ്രതിനിധി രാജി വച്ചശേഷം നിരപരാധിത്വം തെളിഞ്ഞാല്‍ തിരിച്ച് വരവിന് അവസരമുണ്ടാകില്ല. എന്നാല്‍ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസ് അന്വേഷണത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഒരു ആനുകൂല്യവും മുകേഷിന് നല്‍കില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.