കോട്ടയം :എംഎൽഎ പി.വി.അൻവറിന്റെ ആരോപണങ്ങൾക്കു പിന്നാലെ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് പ്രഖ്യാപനം.
ഡിജിപി എസ്.ദർവേഷ് സാഹിബും എഡിജിപി എം.ആർ.അജിത് കുമാറും പരിപാടിയിൽ പങ്കെടുത്തു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എംഎൽഎ ഉന്നയിച്ചത്. എഡിജിപി സൈബർ സെല്ലിനെ ഉപയോഗിച്ചു മന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മാത്രമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ സൈബർ സെല്ലിൽ നിയോഗിച്ചതായും അൻവർ പറഞ്ഞു.