തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. അനധികൃത സ്വത്തു സമ്പാദനം, കവടിയാറില്‍ പണിയുന്ന ആഢംബര ബംഗ്ലാവ് ഉള്‍പ്പെടെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച അഞ്ച് വിഷയങ്ങളിലാണ് എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് സംഘം അന്വേഷിക്കുക.
ഡിജിപിയുടെ ശുപാര്‍ശയിലാണ് ആഭ്യന്തര വകുപ്പ് എം ആര് അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഇന്ന് വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് കൈമാറുമെന്നാണ് വിവരം. അന്വേഷണ സംഘത്തേയും ഇന്ന് തന്നെ തീരുമാനിക്കുമെന്നും സൂചനയുണ്ട്. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പുറമേ സിപിഐ വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.