കൊച്ചി: ഇടതു മുന്നണി കൺവീനറായും സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ്(94) അന്തരിച്ചു. പാർട്ടി മുൻ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. എറണാകുളം ജില്ലയിൽ സി.പി.എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവായിരുന്നു എം.എം ലോറൻസ്.
1946ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. എറണാകുളത്ത് തൊഴിലാളി വർഗപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു.
സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തിൽ ആവേശഭരിതരായി കമ്യൂണിസ്റ്റുകാർ കൊച്ചിരാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായിരുന്നു. 1950ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി.
22 മാസം ജയിലിൽ കഴിഞ്ഞു. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽ തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവർഷത്തോളം ലോറൻസ് ജയിൽവാസം അനുഭവിച്ച വ്യക്തി കൂടിയാണ്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒരേയൊരു തവണയെ ജയിക്കാൻ കഴിഞ്ഞുള്ളൂ.
എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. മാടമാക്കൽ മാത്യു ലോറൻസ് എന്നതാണ് ശരിയായ പേര്. എബ്രഹാം, എലിസബത്ത്, മാത്യു, തോമസ്, ജോൺ, ആഞ്ജില മാർഗരറ്റ്, ലാസർ പരേതരായ ജോർജ്, ഫ്രാൻസിസ് എന്നിവർ സഹോദരങ്ങളാണ്.