കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറും. മാര്‍ക്സിസ്റ്റ് നേതാവ് കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ ലളിതമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇന്നലെയായിരുന്നു ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ അന്‍പത് ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ശ്രീലങ്കയുടെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡന്റാണ് അനുര കുമാര ദിസനായകെ.
2022 ല്‍ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ദിസനായകെ തന്നെയാണ് മുന്നിട്ടുനിന്നത്. നൂറ്റാണ്ടുകളായി നമ്മള് കണ്ട സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. വിജയത്തിന് തൊട്ടുപിന്നാലെ അനുര എക്സില്‍ കുറിച്ചു. ഇത് ഒരാളുടെ മാത്രം പ്രയത്നം കൊണ്ട് നേടാനായതല്ല. മറിച്ച് ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് അനുര പറഞ്ഞു.