ഡല്‍ഹി: എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സര്‍ക്കാരിനെയും തകര്‍ക്കാന്‍ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദന് പ്രതികരിച്ചു. പാര്‍ട്ടിയുടെ നയം ഇത്തരം ഒരു പത്രസമ്മേളനത്തില്‍ പറയാന്‍ സാധിക്കില്ല.
അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണ്. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. അന്‍വര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തെ കുറിച്ച് അന്‍വറിന് ധാരണയില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.

സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചു. സര്‍ക്കാരിന് നല്കിയ പരാതിയായതിനാല് ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കാം എന്നായിരുന്നു പാര്‍ട്ടി നിലപാട്. ആദ്യ പരാതിയില്‍ ശശിക്കെതിരെ പരാമര്‍ശമില്ലായിരുന്നു. തുടര്‍ന്ന് നല്കിയ പരാതിയില്‍ ഉള്‍പ്പെടുത്തി.
വാര്‍ത്ത സമ്മേളനവും, ആക്ഷേപവും തുടര്‍ന്നു. ഇത്തരം നിലപാട് പാടില്ലെന് സന്ദേശം നല്കി പാര്‍ട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കി. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. അച്ചടക്കം പാലിക്കേണ്ടയാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും എംവി ഗോവിന്ദന് പറഞ്ഞു. താന്‍ നേരിട്ട് അന്‍വറിനെ വിളിച്ച് 3ന് കാണാന്‍ തീരുമാനിച്ചു. അതിനിടെ അച്ചടക്കം ലംഘിച്ച് വാര്‍ത്താ സമ്മേളനം നടത്തി.

അന്‍വറിന്റെ പരാതി കേള്‍ക്കാതിരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. നല്ല പരിഗണന പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിച്ച് മുന്നോട്ട് പോകുകയെന്നതായിരുന്നു പാര്‍ട്ടി നയം. സര്‍ക്കാരും അതേ നയം സ്വീകരിച്ചു.
ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പാര്‍ട്ടി അംഗം പോലും അല്ലാതിരുന്ന അന്‍വറിന് നല്ല പരിഗണന നല്കി. എന്നാല്‍ പ്രതിപക്ഷം ഉന്നയിക്കും വിധമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തി അന്‍വര്‍ അപമാനം തുടര്‍ന്നു.
അന്‍വര്‍ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന് കൊടുത്ത പരാതിയുടെ പകര്‍പ്പ് പാര്‍ട്ടിക്കും നല്കി. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. മലപ്പുറത്തെ നേതാക്കളാടക്കം അന്‍വറിനോട് സംസാരിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയെന്നും സംസ്ഥാനത്തെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയില്ലെന്നും എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ ഇതു വരെ അന്‍വറിന് കഴിഞ്ഞില്ലയെന്നും എംവി ഗോവിന്ദന് പറഞ്ഞു.
പിണറായി ഉപജാപക സംഘത്തില്‍ പെട്ടു. അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നീ ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചു. ജനങ്ങള്‍ ആ പ്രചാരണ കോലാഹലങ്ങളെ അവഗണിച്ചു.പലരും കമ്യൂണിസ്റ്റ് പാര്‍ട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാര്‍ട്ടി അധികാരത്തിലെത്തി.
അടുത്ത മുഖ്യമന്ത്രിയാരെന്ന ചര്‍ച്ച പോലും പ്രതിപക്ഷ ക്യാമ്പിലുണ്ടായി. വയനാട് ദുരന്തത്തെപ്പോലും സര്‍ക്കാരിനെതിരെ വിഷയമാക്കി. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന പ്രചാരവേല പാര്‍ട്ടിക്കും, സര്‍ക്കാരിനുമെതിരെ നടക്കുന്നു. സ്വര്‍ണ്ണക്കടത്ത് ആക്ഷേപം ഉയര്‍ന്ന കഴിഞ്ഞ തവണയും പാര്‍ട്ടി അധികാരത്തിലെത്തി.