നിലമ്പൂർ: പി.വി. അൻവർ എം.എൽ.എക്കെതിരെ നിലമ്പൂരിൽ സി.പി.എം പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും അൻവർ പരസ്യമായി രംഗത്തുവന്നതാണ് പാര്‍ട്ടിപ്രവര്‍ത്തകരെ പ്രകോപിതരാക്കിയിരിക്കുന്നത്.
സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിലമ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടക്കുന്നത്. ചെങ്കൊടി തൊട്ടു കളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് പ്രകടനം നഗരത്തിലൂടെ നീങ്ങുന്നത്.
‘ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ വെട്ടിയരിഞ്ഞ് പുഴയിൽ തള്ളും’, ‘മര്യാദക്ക് നടന്നില്ലെങ്കിൽ കൈയും കാലും വെട്ടി അരിയും’… ഉൾപ്പെടെ പ്രകോപന മുദ്രാവാക്യങ്ങളും പ്രവർത്തകർ മുഴക്കുന്നുണ്ട്.
എടക്കരയിലും അൻവറിനെതിരെ പ്രതിഷേധം പ്രകടനം നടക്കും. അൻവറിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആഹ്വാനം ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതിഷേധം.
സാധാരണക്കാർക്ക് ഒപ്പം നിൽക്കുമെന്നും ജനം പിന്തുണച്ചാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പറഞ്ഞിരുന്നു.