സ്കൂള്‍ കലോത്സവത്തില്‍ ഇനി ഗോത്രകലകളും മത്സര ഇനമാകും. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി അഥവാ പണിയനൃത്തം, ഇരുളരുടെ നൃത്തം ഇരുള നൃത്തം അഥവാ ആട്ടം പാട്ടം, പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി സ്കൂള്‍ കലോത്സവ മാന്വല്‍ പരിഷ്കരിച്ചു.
ഈ കലാരൂപങ്ങള്‍ ഉല്‍പ്പെടുത്തിയ മാന്വല്‍ പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഗോത്രകലകള്‍ സ്കൂള്‍ കലോത്സവത്തില്‍ മത്സര ഇനമാകുന്നത്. സംഗീത- നൃത്തരൂപമാണ് മംഗലംകളി. കല്യാണപ്പന്തലിലാണ് അരങ്ങേറുക. വാദ്യസംഘത്തില്‍ തുടിയാണ് ഉപയോഗിക്കുന്നത്.
പണിയര്‍ ഗോത്രത്തിലെ പുരുഷന്മാര് അവതരിപ്പിക്കുന്ന നൃത്തമാണ് കമ്പളകളി. കരു, പറ, ഉടുക്ക് തുടങ്ങിയ താളവാദ്യങ്ങള്‍ ഉപയോഗിക്കുന്നു. കൈകള്‍ പരസ്പരം ബന്ധിപ്പിച്ച് വൃത്താകൃതിയില്‍നിന്ന് വാദ്യങ്ങളുടെ താളത്തിനൊത്ത് ചുറ്റുന്നു. തുകല്‍, മുള മുതലായവകൊണ്ട് നിര്‍മിച്ച വാദ്യങ്ങളുടെ താളത്തില്‍ നൃത്തം ചെയ്യുന്നതാണ് ഇരുളരുടെ നൃത്തം.രോഗശമനം, മഴ തുടങ്ങിയവയ്ക്കായി അവതരിപ്പിക്കുന്ന നൃത്തമാണ് പളിയ നൃത്തം.