പി വി അന്‍വറിന്റെ പൊളിറ്റിക്കല്‍ ഡിഎന്‍എ പരിശോധിക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ചേലക്കരയിലും പാലക്കാടും സിപി ഐഎമ്മും ബിജെപിയും തമ്മില്‍ അഡ്ജസ്റ്റ്മെന്റുണ്ടെന്ന് അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായാണ് സുരേഷ് ബാബുവിന്റെ പ്രതികരണം.
സിപിഐഎമ്മിന്റെ രാഷ്ട്രീയ എതിരാളിയാവാനുള്ള ഒരു അര്‍ഹതയും അന്‍വറിനില്ല. അന്‍വര്‍ പറയുന്നത് നിലവാരമില്ലാത്ത ആരോപണങ്ങളാണ്. അന്‍വര്‍ പിച്ചും പേയും പറയുകയാണെന്നും ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു.
പാലക്കാട് എല്‍ഡിഎഫില്‍ നിന്ന് കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കുള്ളില്‍ വലിയ രീതിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായെന്നും ഈ വോട്ടുകള്‍ പോയത് ബിജെപിക്കാണെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അന്‍വറിന്റെ പ്രസ്താവനക്കെതിരെ ബിജെപിയും രംഗത്തെത്തി. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് സിപിഐഎമ്മാണ് മറുപടി പറയേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു.