മുംബൈ : അന്തരിച്ച വ്യവസായി രത്തൻ ടാറ്റയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ. രത്തൻ ടാറ്റക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സച്ചിന്റെ കുറിപ്പ്.
‘ജീവിതത്തിലും മരണത്തിലും രത്തൻ ടാറ്റ രാജ്യത്തെ ചലിപ്പിച്ചു. എനിക്ക് അദ്ദേഹത്തോടൊപ്പം സമയം ചെലവിടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത ദശലക്ഷക്കണക്കിനാളുകൾക്ക് ഇന്ന് ഞാൻ അനുഭവിക്കുന്ന അതേ ദുഃഖം അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വാധീനം അങ്ങനെയാണ്.
സ്വന്തം കാര്യം നോക്കാൻ ത്രാണിയില്ലാത്തവരെ പരിപാലിക്കുമ്പോൾ മാത്രമേ യഥാർഥ പുരോഗതി കൈവരിക്കാൻ കഴിയൂവെന്ന് മൃഗങ്ങളോടുള്ള സ്നേഹം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വരെ അദ്ദേഹം കാണിച്ചുതന്നു. മിസ്റ്റർ ടാറ്റ, നിത്യശാന്തി നേരുന്നു. നിങ്ങൾ പടുത്തുയർത്തിയ സ്ഥാപനങ്ങളിലൂടെയും നിങ്ങൾ സ്വീകരിച്ച മൂല്യങ്ങളിലൂടെയും നിങ്ങളുടെ പൈതൃകം നിലനിൽക്കും’ – സച്ചിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ക്രിക്കറ്റിന്റെയും ക്രിക്കറ്റ് താരങ്ങളുടെയും പുരോഗതിക്കായി നിരവധി സംഭാവനകൾ അർപ്പിച്ചയാളായിരുന്നു രത്തൻ ടാറ്റ. വിവിധ ക്രിക്കറ്റ് ടൂർണമെന്റുകളുടെ സ്പോൺസർഷിപ്പിലൂടെയും താരങ്ങൾക്കുള്ള സഹായങ്ങളിലൂടെയുമെല്ലാം അദ്ദേഹം എക്കാലവും കൂടെനിന്നിരുന്നു.