ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും നേരേ ബോംബ് ഭീഷണി. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനുമാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ എയര്‍ ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.
200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നത്. മൂന്ന് കുട്ടികളും ഏഴ് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 174 യാത്രക്കാരാണ് ആകാശ എയറില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്.ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് യാത്ര പുറപ്പെട്ട എഐ 127 വിമാനം വഴിതിരിച്ച് വിട്ടിരുന്നു. ഷിക്കാഗോയില്‍ ഇറങ്ങേണ്ട വിമാനം കാനഡയിലേക്കാണ് തിരിച്ചുവിട്ടത്.