ന്യൂഡല്‍ഹി : റഷ്യ-യുക്രെയ്ന് യുദ്ധവും ഫലസ്തീനിലെ ഇസ്രയേല്‍ അതിക്രമവും തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ അശാന്തിയുടെയും ആശങ്കയുടേയും പശ്ചാത്തലത്തില്‍ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്. ഒക്ടോബര്‍ 22 ,23 തീയതികളില്‍ റഷ്യയിലെ കസാനിലാണ് ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിയില്‍ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്, ബ്രസീല്‍, യു.എ.ഇ, ഈജിപ്ത്, തുര്‍ക്കി, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുടെയടക്കം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഒരുക്കുന്ന അത്താഴ വിരുന്നില്‍ നരേന്ദ്ര മോദി പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കാലാവസ്ഥ, സമ്പദ്വ്യവസ്ഥ ഉള്‍പ്പെടെയുള്ള ആഗോള പ്രശ്നങ്ങളില്‍ ശ്രദ്ധയൂന്നുന്ന ബ്രിക്സിനുള്ളിലെ സഹകരണത്തെ ഇന്ത്യ വിലമതിക്കുന്നതായി പ്രധാനമന്ത്രി മോദി പ്രസ്താവനയില്‍ പറഞ്ഞു.
കസാന്‍ സന്ദര്‍ശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ദൃഢമാക്കും – മോദി പറഞ്ഞു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി റഷ്യന്‍ സന്ദര്‍ശനം നടത്തുന്നത്. ജൂലൈയില്‍ മോസ്കോയില്‍ നടന്ന 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ബ്രിക്സ് ഉച്ചകോടിയുടെ തലേന്ന് നടന്ന മറ്റൊരു സുപ്രധാന സംഭവവികാസം, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍.എ.സി) പട്രോളിങ് പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും സമ്മതിച്ചതാണ്. ഇത് രണ്ട് അയല്‍രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും സാധ്യതയുണ്ട്.