കല്‍പ്പറ്റ : യു ഡി എഫ് അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. യു ഡി എഫിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും കല്‍പ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വയനാട് ഇന്നേവരെ കാണാത്ത തരത്തിലുള്ള വമ്പിച്ച ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി ഉജ്വലവിജയം നേടും. വയനാടന്‍ ജനത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ മനം മടുത്തു നില്‍ക്കുകയാണ്. ഇരുസര്‍ക്കാറുകള്‍ക്കും നേതൃത്വം നല്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്ക്കുന്നു.

ആരെ കൂട്ടുപിടിച്ചും യു ഡി എഫിനെ തോല്‍പ്പിക്കണമെന്നാണ് ബി ജെ പിയും സി പി എമ്മും ആഗ്രഹിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അത്തരം അവിശുദ്ധ കൂട്ടുകെട്ടിനോടുള്ള അമര്‍ഷം പ്രതിഫലിക്കും. യു ഡി എഫിന് മുന്നില്‍ തല കുനിക്കാന്‍ ഇടതുപക്ഷത്തിന് വഴിയൊരുക്കുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം ചെയര്മാന് ടി ഹംസ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം പി, അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, എന്‍ ഡി അപ്പച്ചന്, ജോസഫ് വാഴക്കന്, ജോണ്സണ് എബ്രഹാം, പി പി ആലി, പി ടി ഗോപാലക്കുറുപ്പ്, റസാഖ് കല്‍പ്പറ്റ, പ്രസന്ന കുമാര്‍, അഡ്വ. ടി ജെ ഐസക്, സലീം മേമന, സി മൊയ്തീന്‍കുട്ടി, എം പി നവാസ്, ഒ വി അപ്പച്ചന് തുടങ്ങിയവര്‍ സംസാരിച്ചു.