https://youtu.be/fjTaMlZJkxg?si=TE_pA1BcmXPLMXFm
കെ മുരളീധരന് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥി കെ മുരളീധരനായിരുന്നുവെന്ന മാധ്യമങ്ങളുടെ കണ്ടെത്തലാണ് കെ മുരളീധരന് വീണ്ടും ചര്‍ച്ചകളിലേക്ക് ഉയര്‍ന്നു വരാന്‍ ഇടയാക്കിയത്. പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ എന്തുകൊണ്ടും അനുയോജ്യന്‍ മുരളീധരനാണെന്ന് ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല.
പാലക്കാട് എം എല്‍ എയായിരുന്ന യുവ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ വടകരയിലേക്ക് മത്സരിക്കാനെത്തിയതോടെയാണ് കെ മുരളീധരന്റെ കഷ്ടകാലം ആരംഭിക്കുന്നത്. വടകരയില്‍ സിറ്റിംഗ് എം പിയായിരുന്ന മുരളീധരനെ തൃശ്ശൂര്‍ മണ്ഡലം പിടിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ച കോണ്‍ഗ്രസ് നേതൃത്വവും എളുപ്പത്തില്‍ മുരളീധരനെ കൈയ്യൊഴിഞ്ഞതോടെ പാലക്കാട് സീറ്റില്‍ രാഹുല്‍ മാങ്കൂട്ടം എന്ന യുവ തുര്‍ക്കി സ്ഥാനാര്‍ത്ഥിയായി.

വടകരയില്‍ കെ മുരളീധന് വിജയിച്ചുകയറാവുന്ന രാഷ്ട്രീയ സാഹചര്യം ഉണ്ടായിരുന്നു എന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും കരുതിയിരുന്ന കാലത്താണ് കെ മുരളീധനെ വടകരയില്‍ നിന്നും പറപ്പിക്കുന്നത്. തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയ കരുത്തനായിരുന്നു കെ മുരളീധരന്.
തൃശ്ശൂരില്‍ സിറ്റിംഗ് എം പിയെ ഒറ്റ രാത്രികൊണ്ട് മാറ്റിയാണ് സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്റ് മുരളീധരനെ പ്രഖ്യാപിച്ചത്. കെ മുരളീധരന് ശക്തനായിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം അനങ്ങിയതുമില്ല. ടി എന്‍ പ്രതാപനെ ഒറ്റ സുപ്രഭാതത്തില്‍ മാറ്റി മുരളീധരനെ സ്ഥാനാര്ത്ഥിയാക്കിയതൊന്നും തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തിരുന്നില്ല. ഒടുവില്‍ കെ മുരളീധരന് വെടിപ്പായി അങ്ങ് തോറ്റു.

വടകരയില്‍ ഷാഫി വന്‍ വിജയം നേടുകയും ചെയ്തു. ഇത് കെ മുരളീധനെ ആകെ തകര്‍ത്തുകളഞ്ഞു. മുരളി ആദ്യമായല്ല തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത്. മന്ത്രിയായിരിക്കെ ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ തോറ്റതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെ മാറ്റി മറിച്ചത്.
തൃശ്ശൂരില്‍ സി പി ഐ നേതാവായിരുന്ന വി വി രാഘവനോട് തോറ്റപ്പോഴും കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ശ്രേയാംസ് കുമാറിനോട് തോറ്റപ്പോഴും ഒന്നും ഉണ്ടാവാത്ത അത്രയും നിരാശായാണ് തൃശ്ശൂരില്‍ സുരേഷ് ഗോപിയോടുള്ള തോല്‍വിയില്‍ കെ മുരളീധരനുണ്ടായത്.
അതുകൊണ്ട്തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഒരു സാധാ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ശിഷ്ടകാലം തുടരുമെന്നുമൊക്കെയായിരുന്നു മുരളീധരന്റെ പ്രതികരണം. വടകരയില്‍ മത്സരിച്ചിരുന്നുവെങ്കില്‍ താന്‍ ജയിച്ചേനേ എന്നും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാന പ്രകാരം തൃശ്ശൂരിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് ഈ തോല്‍വിയെന്നും മുരളീധരന് അന്നുതന്നെ വ്യക്തമാക്കിയതിനു പിന്നില്‍ ഒരു രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു.

അത് മറ്റൊന്നുമല്ല ഷാഫിക്കുവേണ്ടി വിട്ടുകൊടുത്ത വടകരയ്ക്ക് പകരം ഷാഫിയുടെ പാലക്കാട് തനിക്കുവേണം എന്നു തന്നെയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അവിടെ സ്ഥാനാര്ത്ഥിയായതോ ഷാഫിയുടെ പിന്മുറക്കാരനായി എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍. വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ സീറ്റ് വേണമെങ്കില്‍ മുരളീധരന് നല്‍കാമായിരുന്നു.
എന്നാല്‍ രാഹുല്‍ അത് സ്വന്തം കുടുംബാംഗത്തിനായി കൈമാറി. കേരളത്തില്‍ ഒരു കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥിയാവണമെന്നും ആരോക്കെ ജയിക്കണമെന്നുമൊക്കെ തീരുമാനിച്ചിരുന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്റെ മകനാണ് കെ മുരളീധരന് എന്നുപോലും കോണ്‍ഗ്രസ് നേതാക്കള്‍ മറന്നു.
പാലക്കാട്ടെ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും കെ മുരളീധരന് അവിടെ സ്ഥാനാര്‍ത്ഥിയായില്ല. ഷാഫിയുടെ തീരുമാനം അടിച്ചേല്‍പ്പിച്ചെന്ന ഡോ പി സരിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന് അയച്ച കത്തിനെ കുറിച്ചൊന്നും അറിയില്ലെന്നാണ് വി ഡി സതീശന് വ്യക്തമാക്കുന്നത്.

കെ മുരളീധരന് വടകരയില്‍ എം പിയായിരുന്ന കാര്യവും അദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിച്ച് തൃശ്ശൂരില്‍ മത്സരിപ്പിച്ച കാര്യവും അറിയില്ലെന്നൊക്കെ വരും കാലത്ത് വി ഡി സതീശന് പറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
വട്ടിയൂര്‍ക്കാവില്‍ എം എല്‍ എയായിരിക്കേയാണ് കെ മുരളീധരന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം വടകരയില്‍ സ്ഥാനാര്‍ത്ഥിയാവാനായി എത്തിയത്. അദ്ദേഹത്തിന് അവിടെ നല്ല പ്രകടനം കാഴ്ചവെക്കാനും സാധിച്ചിരുന്നു. തൃശ്ശൂരില്‍ തോറ്റതോടെ ഇനിയെന്തെന്ന ചോദ്യവും കെ മുരളീധരന്റെ മുന്നില്‍ ഉയര്‍ന്നിരുന്നു.
മാത്രമല്ല, തിരികെ വട്ടിയൂര്‍ക്കാവില്‍ തിരിച്ചെത്തിയാല്‍ വിജയിച്ചുകയറാന്‍ കഴിയുമോ എന്ന ചോദ്യവും മുരളീധരന്റെ മുന്നില്‍ ഉയരുന്നുണ്ട്. കെ കരുണാകരന്റെ മകന് എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ എത്തി പിന്നീട് കരുത്തനായി മാറിയ രാഷ്ട്രീയ ചരിത്രമാണ് കെ മുരളീധരന്റേത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പ്രവര്‍ത്തകനായാണ് കെ. മുരളീധരന് മുഴുവന്‍ സമയം രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. സേവാദളിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989 ലാണ് ആദ്യമായി കോഴിക്കോട് സ്ഥാനാര്ത്ഥിയായവുന്നത്.
ആ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വഴിവച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ സി.പി.എം നേതാവായിരുന്ന ഇ.കെ ഇമ്പിച്ചി ബാവയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1991-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് ജനതാദള്‍ നേതാവായിരുന്ന എം.പി വീരേന്ദ്രകുമാറിനെ സ്വന്തം തട്ടകത്തില്‍ തോല്‍പ്പിച്ച് വീണ്ടും ലോക്സഭയിലെത്തിയതോടെ കെ മുരളീധരന് കേരള രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാവായി പരിണമിക്കുകയായിരുന്നു.
എന്നാല്‍ 1996-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് എം.പി. വീരേന്ദ്രകുമാറിനോട് മുരളീധരന് പരാജയപ്പെട്ടതോടെ കോഴിക്കോടിനോട് താല്‍ക്കാലികമായി വിടപറഞ്ഞുവെങ്കിലും 1999-ല്‍ ജനതാദള്‍, എസ്, നേതാവായ ഇബ്രാഹിമിനെ തോല്‍പ്പിച്ച് കോഴിക്കോട് നിന്ന് വീണ്ടും ലോക്സഭയില്‍ അംഗമായി. 1998-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐ നേതാവായിരുന്ന വി.വി രാഘവനുമുന്നിലും തോല്‍വി ആവര്‍ത്തിച്ചു.

2001-2004 കാലഘട്ടത്തില്‍ എ.കെ ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കെ. മുരളീധരനായിരുന്നു കെ.പി.സി.സി. പ്രസിഡണ്ട്. കേരളത്തില്‍ ഏറ്റവും കരുത്തനായ കെ പി സി സി അധ്യക്ഷനെന്ന നിലയില്‍ മുരളി വളര്‍ന്നു. കരുണാകരന് ശേഷം ആരെന്ന ചോദ്യത്തിന് കെ മുരളീധരന് എന്നായിരുന്നു ഉത്തരം. എന്നാല്‍ വിജയം പോലെ തന്നെ പരാജയവും മുരളീധരനെ പിന്തുടരുന്നുണ്ടായിരുന്നു.
2004 ഫെബ്രുവരി 11-ന് എ.കെ ആന്റണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായി മുരളീധരന് ചുമതലയേറ്റെങ്കിലും മന്ത്രിപദവിയില്‍ ഇരിക്കാന്‍ ആറുമാസമേ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളൂ. ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാല്‍ 2004 മെയ് 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചൊഴിയേണ്ടിവന്നു. കേരളത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയെന്ന ചരിത്രത്തിന് ഉടമയായി കെ.മുരളീധരന്
2004-ല്‍ രാജ്യസഭസീറ്റിന്റെ പ്രശ്നത്തില്‍ മുരളീധരന്റെ പിതാവ് കെ. കരുണാകരനും അദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമായി കലഹിച്ചതോടെ കോണ്‍ഗ്രസില്‍ വിമത നീക്കം ശക്തമാകുന്നത്.

കെ കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് തറവാട്ടില്‍ നിന്നും പുറത്തേക്കുള്ള വഴിയായി മാറി. 2005-ല്‍ കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേയ്ക്ക് മുരളീധരനെ സസ്പെന്‍ഡ് ചെയ്തു.
അതിനുശേഷം 2005-ല്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുതിയ പാര്‍ട്ടിയായ ഡി.ഐ.സിയുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയിച്ചു.
പിന്നീട് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനും വെളിയം ഭാര്ഗവന് അടക്കമുള്ള സി.പി.ഐ നേതാക്കളും ഡി.ഐ.സിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഡി.ഐ.സിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കി.

പിന്നീട് 2006-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേതൃത്വവുമായി ഡി.ഐ.സിധാരണയിലെത്തുകയായിരുന്നു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.മുരളീധരന് സി.പി.എം സ്വതന്ത്രനായ പി.ടി.എ.റഹീമിനോട് തോറ്റു.
2006 നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിച്ച ഡി.ഐ.സി എന്ന പാര്‍ട്ടിയ്ക്ക് ഒരു സ്ഥലത്ത് മാത്രമാണ് വിജയിക്കാനായത്. ഇതിനിടയില്‍ ചില പാര്‍ട്ടി നേതാക്കള്‍ മാതൃസംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സിയെ പിളര്‍പ്പിലേക്ക് എത്തിക്കുകയായിരുന്നു.
2007-ല്‍ കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും ഡി.ഐ.സിപാര്‍ട്ടിയും എന്‍.സി.പിയില്‍ ലയിച്ചു. 2007 ഡിസംബര്‍ 31-ന് കെ. കരുണാകരന് കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോയെങ്കിലും മുരളീധരന് എന്‍.സി.പിയില്‍ തുടര്‍ന്നു.

2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് കെ. മുരളീധരന് എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. 2009-ല്‍ മുരളീധരനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി.
പിന്നീട് ആറു വര്‍ഷത്തിനു ശേഷമാണ് 2011 ഫെബ്രുവരി 15ന് കെ.മുരളീധരന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച മുരളീധരന് സിപിഎമ്മിലെ ചെറിയാന് ഫിലിപ്പിനെ പരാജയപ്പെടുത്തി നിയമസഭ അംഗമായി.
2016ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് തന്നെ വീണ്ടും നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്നെയാണ് അദ്ദേഹം അന്ന് പരാജയപ്പെടുത്തിയത്.
കെ.പി.സി.സി പ്രസിഡന്റായതിനെ തുടര്‍ന്ന് മത്സരരംഗത്ത് നിന്നൊഴിവായ മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍, വടകര ലോക്സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുവാന്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയിരുന്ന മുരളീധരനെ കോണ്‍ഗ്രസ് നിയോഗിച്ചതിനെ തുടര്‍ന്ന് എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎമ്മിലെ പി.ജയരാജനെ പരാജയപ്പെടുത്തി.

1999-ന് ശേഷം വീണ്ടും അദ്ദേഹം ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവച്ചു. തുടര്‍ന്ന് 2019-ല്‍ നടന്ന നിയമസഭ ഉപ-തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസിന് നഷ്ടമാകുകയും ചെയ്തു.
2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം നേടി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വി.ശിവന്‍കുട്ടിയോട് പരാജയപ്പെടുകയായിരുന്നു.
കോണ്‍ഗ്രസില്‍ ട്രബിള്‍ ഷൂട്ടറായിരുന്ന, ഏത് മണ്ഡലത്തിലും പരിഗണിക്കാവുന്ന ഒരു നേതാവായാണ് കെ മുരളീധരന് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് എവിടേയും ഒരു സീറ്റും ലഭിക്കാത്ത വെറുമൊരു മുരളീധരനായി, കെ മുരളീധരന് മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.