1984 ഒക്ടോബര്‍ 31, ഡല്‍ഹി സഫ്ദര്‍ജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിലേക്ക് സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ പട്ടാള ഉദ്യോഗസ്ഥരുടെ നിറത്തോക്ക് അഗ്നി ചീറ്റി. ലോകം ഉരുക്ക് വനിതയെന്ന് വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടു.
രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനായി ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാവാത്ത ഒരു പ്രധാനമന്ത്രിയുടെ ജീവന് അവിടെ പൊലിഞ്ഞുവീണു. ലോകം തന്നെ ഞെട്ടിയ ദിനമായിരുന്നു അത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു നോവായി മാറിയ ഒരു രക്തസാക്ഷിത്വത്തിന്റെ സ്മരണകളിരമ്പുന്ന ദിനമാണിന്ന്.
സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനിയുടെ ഐതിഹാസികമരണം. ബ്രിട്ടീഷ് നടനായ പീറ്റര്‍ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നല്കാന് തന്റെ തോട്ടത്തില്‍ കൂടി നടക്കുകയായിരുന്നു ഇന്ദിരാഗാന്ധി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റില്‍ കാവല്‍ നിന്നിരുന്ന അംഗരക്ഷകരില്നിന്നായിരുന്നു ഇന്ദിരാഗാന്ധിക്ക് വെടിയേറ്റത്. അംഗരക്ഷകരെ അഭിവാദനം ചെയ്യാന്‍ കുനിഞ്ഞ ഇന്ദിരയെ യന്ത്രത്തോക്കുകള്‍ കൊണ്ട് ഇവര്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഈ ക്രൂരകൃത്യം ചെയ്തതിനുശേഷം ഇരുവരും തങ്ങളുടെ ആയുധങ്ങള്‍ വലിച്ചെറിഞ്ഞു.
എനിക്കു ചെയ്യാന്‍ കഴിയുമായിരുന്നത് ഞാന്‍ ചെയ്തു, നിങ്ങള്‍ എന്താണോ ചെയ്യുവാനാഗ്രഹിക്കുന്നത് അത് നിങ്ങള്‍ക്കു ചെയ്യാം എന്ന് ബിയാന്ത് സിങ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ഓര്‍മ്മിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ ഉണ്ടായിരുന്ന കാറില്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന ഇന്ദിരാഗാന്ധിയെ ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് 9:30 മണിയോടുകൂടി എത്തിച്ചുവെങ്കിലും ഉച്ചക്ക് 2:20 ന് ഡോക്ടര്‍മാര്‍ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു.
ഒരു യന്ത്രവത്കൃത തോക്കില്‍ നിന്നും ഒരു ചെറിയ കൈത്തോക്കില്‍ നിന്നുമുള്ള 30 ഓളം വെടിയുണ്ടകള്‍ ഇന്ദിരയുടെ ശരീരത്തില്‍ തുളച്ചുകയറിയിരുന്നുവെന്ന് ഇന്ദിരയുടെ മൃതദേഹം പരിശോധിച്ച ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഫലമായി രാജ്യത്തിന്റെ പലഭാഗങ്ങളിലും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സിഖ് വംശജര്‍ പലയിടങ്ങളിലും കൊലചെയ്യപ്പെട്ടു. കേരളത്തിലടക്കം സിഖുകാര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായി എന്ന് ചരിത്രം പറയുന്നു.
ഇന്ദിരയുടെ മരണത്തെത്തുടര്‍ന്ന് മൂത്തമകന് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. മൃതദേഹം മൂന്നുദിവസത്തെ പൊതുദര്‍ശനത്തിനുശേഷം നവംബര്‍ മൂന്നിന് സംസ്കരിച്ചു. ഇന്ദിരയുടെ സമാധിസ്ഥലം ശക്തിസ്ഥല്‍ എന്നപേരിലാണ് അറിയപ്പെടുന്നത്.
ഇന്ദിരാഗാന്ധി കൊല്ലപ്പെടാനുള്ള കാരണം സിഖ് വംശജരുടെ വിദ്വേഷമായിരുന്നു. സിഖുകാരുടെ ആത്മീയ ക്ഷേത്രമായ സുവര്‍ണ ക്ഷേത്രത്തില്‍ സൈന്യം നടത്തിയ സൈനിക ഓപ്പറേഷനായിരുന്നു ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
പഞ്ചാബിലെ ഖാലിസ്ഥാന്‍ പ്രക്ഷോഭവും അതിന്റെ അടിച്ചമര്‍ത്തലുകളും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഭരണത്തിന്റെ പ്രധാന നാഴികക്കല്ലുകളായിരുന്നു. അകാലിദളിനു ബദലായി കോണ്‍ഗ്രസ് വളര്‍ത്തിക്കൊണ്ടു വന്ന ജര്‍ണയില്‍സിങ് ബിന്ദ്രന്‍വാല എന്ന യുവാവ് അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ട ബിന്ദ്രന്‍വാലയെ 25 ദിവസത്തിനുശേഷം തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. ബിന്ദ്രന്‍വാല തന്റെ പ്രവര്‍ത്തന കേന്ദ്രം മെഹ്കാ ചൗക്കില്‍ നിന്ന് സുവര്‍ണക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഗുരുനാനാക്ക് നിവാസിലേക്ക് മാറ്റിയതോടെയാണ് സുവര്‍ണ ക്ഷേത്രത്തിനകത്ത് സൈനിക ഓപ്പറേഷൻ നടത്തുക എന്ന തീരുമാനം ഇന്ദിര കൈക്കൊണ്ടത്.
പഞ്ചാബിലെ കലാപങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്ദിര സൈന്യത്തോട് സുവര്‍ണക്ഷേത്രത്തിനുള്ളില്‍ കടന്ന് കലാപകാരികളെ അമര്‍ച്ചചെയ്യാന്‍ ഉത്തരവിട്ടു. സിഖ് മതവിശ്വാസികള്‍ പരിപാവനമായി കരുതുന്ന സുവര്‍ണക്ഷേത്രത്തില്‍ സൈന്യം കടക്കുകയും ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ എന്ന് അറിയപ്പെട്ട ഈ സൈനിക നീക്കത്തിലും അതിന്റെ പരിണതഫലമായി ഉണ്ടായ സിഖ് പ്രക്ഷോഭങ്ങളിലും 20,000 ത്തോളം നിരപരാധികളായ സിഖ് പൗരന്മാര് കൊല്ലപ്പെട്ടു. നാലു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ബ്ലൂസ്റ്റാർ ഓപ്പറേഷന്, ഖലിസ്ഥാന്‍ വാദം, സിഖ് കൂട്ടക്കൊല തുടങ്ങിയവയെല്ലാം മറക്കാനാവാത്ത ഓര്‍മ്മകളാണ്.
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് നാല്‍പ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഒരു ഭരണാധികാരിയെന്ന നിലയില്‍ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് എന്നും മാതൃകയായിരുന്നു. വിദേശ രാജ്യങ്ങളുമായുണ്ടായ ബന്ധം, നയം തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ യശസ് വർധിപ്പിച്ചു.
ഇന്ദിരാ ഗാന്ധിയുടെ ആണവനയം, സാമ്പത്തിക നയം, ബാങ്കുകളുടെ ദേശസാല്‍ക്കണം, കാര്‍ഷികമേഖലയിലുണ്ടായ കുതിച്ചു ചാട്ടം ഇവയെല്ലാം ആധുനിക ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വഴിവച്ചു. ഇന്ദിരാഗാന്ധി നെഹ്രുവില്‍ നിന്നും രാഷ്ട്രീയവും ഭരണ നിപുണതയും നേരില്‍ കണ്ടുപഠിച്ചാണ് അധികാരത്തിന്റെ സോപാനത്തിലേക്ക് നടന്നുകയറിയത്.
രാഷ്രീയത്തില്‍ ഒറ്റ തന്ത പ്രയോഗത്തിനു മറുപടി ഇല്ല, സിനിമയില്‍ പറ്റും: മന്ത്രി മുഹമ്മദ് റിയാസ്
1959-60 കാലം, നെഹ്രുവിന്റെ പരോക്ഷ പിന്തുണയോടെ ഇന്ദിര ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇന്ദിരയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പലരും ധരിച്ചു. എന്നാല്‍ ബന്ധുത്വരാഷ്ട്രീയത്തിന് എതിരായിരുന്ന നെഹ്രു ഇന്ദിരയെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ നെഹ്രുവിന്റെ ഏറ്റവുമടുത്ത സഹായിയായി ഒപ്പം നിലകൊണ്ട ഇന്ദിര കൂടെ നിന്ന് ഭരണത്തിന്റെ സര്‍വമേഖലകളും വശത്താക്കാന്‍ ഈ അവസരം വിനിയോഗിക്കുകയായിരുന്നു.
1964-ല്‍ നെഹ്രു അന്തരിച്ചു. ഇന്ദിര രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു, തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രി തന്റെ മന്ത്രിസഭയില്‍ ഇന്ദിരയെ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു. ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രി സഭയിലെ നാലാമത്തെ സുപ്രധാന സ്ഥാനമായിരുന്നു ഇത്. ഭരണരംഗത്ത് ഇന്ദിര തികഞ്ഞ പാടവം പ്രകടിപ്പിച്ചു. ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി വിരുദ്ധ കലാപം ശക്തിപ്രാപിച്ചപ്പോള്‍ അനുരഞ്ജന ദൗത്യവുമായി ഇന്ദിരയെത്തി.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നില്‍ മറ്റു ചില കക്ഷികള്‍ക്കും പങ്ക്: മലയാലപ്പുഴ മോഹനന്
കൂടൂതലും നിരക്ഷരരായ ജനങ്ങളുള്ള ഇന്ത്യയില്‍ സാധാരണ ജനങ്ങളിലേക്ക് വാര്‍ത്തകള്‍ എത്തി ചേരുന്നത് റേഡിയോയിലൂടെയും ടെലിവിഷനുകളിലൂടെയുമാണെന്ന് മനസ്സിലാക്കിയ ഇന്ദിര ചെലവു കുറഞ്ഞ റേഡിയോ നിര്‍മിച്ച് ജനങ്ങളിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് ഇന്ദിരയ്ക്കു കൃത്യമായി അറിയാമായിരുന്നു.
1965-ല്‍ ഇന്ത്യ-പാകിസ്താന് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ദിര ശ്രീനഗറില്‍ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. സുരക്ഷാ സേനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചും അവര്‍ അവിടെത്തന്നെ തങ്ങി. ഈ സംഭവത്തെത്തുടര്‍ന്ന് ഇന്ദിരയൊഴികെ മറ്റുള്ള മന്ത്രിസഭാംഗങ്ങളെല്ലാം പെണ്ണാണെന്ന് തമാശരൂപേണ പറയപ്പെട്ടിരുന്നു.
ഇത്തരം ചെറുസംഭവങ്ങളിലൂടെ താന്‍ രാജ്യത്തെ നയിക്കാന്‍ പ്രാപ്തയാണെന്ന സന്ദേശം നല്‍കുകയായിരുന്നു അവര്‍. ഇന്ത്യാ-പാക് സമാധാന ശ്രമങ്ങള്‍ക്കിടയില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സോവിയറ്റ് യൂണിയനിലെ താഷ്ക്കന്റില്‍ വച്ച് മരണമടഞ്ഞു. ഇന്ദിരയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന് അതോടെ ശക്തിയേറി.
സോവിയറ്റ് യൂണിയനുമായുള്ള ഇന്ദിരയുടെ ബന്ധം വളരെ ദൃഢമായിരുന്നു. പാകിസ്താനുമായുള്ള യുദ്ധകാലത്ത്, അമേരിക്കയും, ചൈനയും പാകിസ്താനെ പിന്തുണച്ചപ്പോള്‍ ഇന്ത്യക്കു പിന്തുണയുമായി വന്നത് സോവിയറ്റ് യൂണിയനായിരുന്നു. ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത്, ഇന്ത്യക്ക് ആയുധങ്ങള്‍ നല്കി സഹായിച്ചത് സോവിയറ്റ് യൂണിയനാണ്.
1974 ലെ ഇന്ത്യയുടെ ആണവായുധ പരീക്ഷണത്തിനു സോവിയറ്റ് യൂണിയന് എതിരായിരുന്നു. അതേപോലെ, സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാന് അധിനിവേശത്തെ ഇന്ത്യ അപലപിച്ചിരുന്നു. ഇന്ദിരയുടെ കാലത്ത് ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങിയിരുന്നത് സോവിയറ്റ് യൂണിയനില്‍ നിന്നുമായിരുന്നു. ലളിതമായ കച്ചവടവ്യവസ്ഥകളും, കച്ചവടം ഇന്ത്യൻ രൂപയില്‍ ആണെന്നതും ഇതിനു ആക്കം കൂട്ടി. ആയുധങ്ങളല്ലാതെയും ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മില്‍ വ്യാപാരങ്ങള്‍ ഉണ്ടായിരുന്നു.
ആണവപദ്ധതിയില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാത പിന്തുടരുകയാണ് ഇന്ദിര ചെയ്തത്. ചൈന ആണവപരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ ഇന്ദിര ഇന്ത്യയുടെ ആണവപദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നു. ആണവശക്തി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കുക വഴി രാജ്യത്തിന്റെ സുരക്ഷയും, സ്ഥിരതയും കാത്തു സൂക്ഷിക്കുക എന്നതായിരുന്നു ഇന്ദിരയുടെ ലക്ഷ്യം.
1974 ല്‍ ഇന്ത്യ ആണവപരീക്ഷണം നടത്താന്‍ സജ്ജമായി എന്ന് ഡോക്ടര്‍ രാജ രാമണ്ണ ഇന്ദിരയെ അറിയിച്ചു. രാജസ്ഥാനിലെ പൊക്രാന്‍ മരുഭൂമിയില്‍ ഇന്ത്യ വിജയകരമായ ആണവ പരീക്ഷണം നടത്തി. ‘ബുദ്ധന് ചിരിക്കുന്നു’ എന്നു രഹസ്യ പേരിട്ട ഈ പരീക്ഷണം ലോകരാജ്യങ്ങളില്‍ കാര്യമായ പ്രതികരണം ഉളവാക്കിയില്ല.
എന്നാല്‍ അയല്‍ രാജ്യമായ പാകിസ്താന് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പാകിസ്താന് പ്രധാനമന്ത്രി, സുള്‍ഫിക്കര്‍ അലിക്ക് എഴുതിയ ഒരു കത്തില്‍ ഇത് സമാധാന ലക്ഷ്യങ്ങള്‍ക്കുള്ള ആണവപരീക്ഷണമായിരുന്നു എന്നാണ് ഇന്ദിര വിശേഷിപ്പിച്ചത്.
ഇന്ദിരയില്ലാത്ത 40 വര്‍ഷങ്ങളിലൂടെയാണ് രാജ്യം കടന്നു പോയത്. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അഖണ്ഡതയും കാത്തു സംരക്ഷിക്കാന്‍ അഹോരാത്രം പ്രയത്നിച്ച രാഷ്ട്ര ശില്പികളില് പ്രഗത്ഭയായിരുന്നു ഇന്ദിരാഗാന്ധി. രാഷ്ട്രീയ പ്രതിയോഗികള്‍ എന്തൊക്കെ മറക്കാനും മായ്ക്കാനും ശ്രമിച്ചാലും ഇന്ദിരയുടെ രക്തസാക്ഷിത്വം എന്നും ഇന്ത്യയുടെ മനഃസാക്ഷിക്ക് മുന്നില്‍ ഒരു നോവായി തന്നെ അവശേഷിക്കും.