തിരുവനന്തപുരം: കൊടകര കളളപ്പണക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി തീരുമാനം.
കുഴല്‍പ്പണം, കള്ളപ്പണം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന പ്രധാനപ്പെട്ട പാര്‍ട്ടിയാണ് ബിജെപിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വിമര്‍ശിച്ചു. സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണ് കളളപ്പണം വന്നതെന്നാണ് വെളിപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. കള്ളപ്പണത്തിന്റെ ഒഴുക്ക് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ഇടങ്ങളിലും ഉണ്ട്. കേസില്‍ ഫലപ്രദമായി അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ ഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് ബിജെപിയോടും ഗവണ്മെന്റിനോടും ചോദിക്കണം. സിപിഐഎമ്മിന് സതീഷിനെ വിലക്കെടുക്കേണ്ട കാര്യമില്ല. കേസിന്റെ ഉള്ളടക്കങ്ങളിലേക്ക് പാര്‍ട്ടി പോയിട്ടില്ല. മൂന്നര കോടി രൂപ ചാക്കില്‍ കെട്ടി കൊടുത്താല്‍ ആരാണ് തട്ടാത്തതെന്നും എംവി ഗോവിന്ദന് ചോദിച്ചു.