പാവപ്പെട്ട ജനങ്ങളുടെ ഉപജീവന മാർഗമായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്ന് പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ സജീവതൊഴിലാളികളുടെ എണ്ണത്തിൽ എട്ടുശതമാനത്തോളം ഇടിവുണ്ടായതായാണ് റിപ്പോർട്ട്. തുടർച്ചയായി മൂന്നുവർഷമെങ്കിലും സ്ഥിരമായി ഈ പദ്ധതിയുടെ ഭാഗമായ തൊഴിലാളികളെയാണ് സജീവതൊഴിലാളികളായി കണക്കാക്കുന്നത്.
ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ 84 .8 ലക്ഷം തൊഴിലാളികൾ ഈ പദ്ധതിയിൽ നിന്ന് പുറത്തായി. ലിബ്ടെക് ഇന്ത്യ നടത്തിയ പഠനമാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ആധാർ അധിഷ്ഠിത വേതനവിതരണ സംവിധാനം (എ.ബി.പി.എസ്.) നിർബന്ധമാക്കിയതിന് പിന്നാലെയാണ് തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക്. 6.73 കോടി തൊഴിലാളികളാണ് പദ്ധതിയിൽ നിന്ന് പുറത്തായത്.
2024 ജനുവരി മുതലാണ് ഈ സംവിധാനം നിർബന്ധമാക്കിയത്. സ്ത്രീകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. എബിപിഎസ് വ്യവസ്ഥ കൊണ്ടുവന്നത് കൂടുതൽ സ്ത്രീകളെ ഇതിലേക്ക് കൊണ്ടുവരാൻ വേണ്ടിയായിരുന്നു എന്നാൽ ഇത് സ്ത്രീകൾക്കും മറ്റാളുകൾക്കും വലിയ തിരിച്ചടിയാണ് നൽകിയത്.
ആളുകളെ കുഴപ്പിക്കുന്ന തരത്തിലായിരുന്നു എബിപിഎസിന്റെ രജിസ്ട്രേഷൻ. തൊഴിൽ കാർഡ് ആധാർകാർഡുമായി ബന്ധിപ്പിക്കുക, തൊഴിൽക്കാർഡിലെയും ആധാർ കാർഡിലെയും പേരിലെ അക്ഷരങ്ങളടക്കം ഒന്നുതന്നെയെന്ന് ഉറപ്പാക്കുക , ബാങ്ക് അക്കൗണ്ടിനെ ആധാർ കാർഡുമായും നാഷണൽ പേയ്മെന്റ്സ് കോർപറേഷനുമായും ബന്ധിപ്പിക്കുക തുടങ്ങിയവയാണ് എബിപിഎസിന്റെ വ്യവസ്ഥകൾ. ഈ കടമ്പകൾ പൂർത്തിയായാൽ മാത്രമേ എബിപിഎസ് പരിധിയിലുൾപ്പെടുകയുള്ളൂ. ഇതിൽ ഉൾപ്പെടാത്തവരുടെ പേരുകൾ കൂട്ടത്തോടെ വെട്ടുകയാണ്.
കേരളമാണ് ഏറെക്കുറെ എബിപിഎസ് പൂർത്തീകരണത്തിൽ മുന്നിൽ നിൽക്കുന്നത്. സ്ത്രീകൾക്കും പാവപ്പെട്ട ജനങ്ങൾക്കും ഇതെല്ലാം പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ അവരുടെ ജോലി നഷ്ടമാകുന്നു. സ്ത്രീകൾക്ക് വരുമാനം നഷ്ടമാകുന്നതോടെ സ്ത്രീ ശാക്തീകരണം എന്ന ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യവുമാണ് അസ്ഥാനത്ത് ആകുന്നത്.
തൊഴിൽദിനങ്ങളിൽ 16.6 ശതമാനമാണ് ഇടിവ്. മുൻവർഷം 184 കോടി തൊഴിൽദിനങ്ങളുണ്ടായിരുന്നത് ഈ വർഷം 154 കോടിയായി. തൊഴിൽദിനങ്ങളിൽ ഏറ്റവും കുറവുണ്ടായത് തമിഴ്നാട്ടിലും ഒഡിഷയിലുമാണ്. മൊത്തം തൊഴിൽകാർഡിൽ 5.7 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. തൊഴിലാളികൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് യാതൊരു തരത്തിലുമുള്ള മുന്നറിയിപ്പും ഇല്ലാതെയാണ്. ഇത് പാവപ്പെട്ട ജനങ്ങളുടെ ഉപജീവന മാർഗത്തിന്ഏറ്റവും വെല്ലുവിളിയാകുന്നു. തൊഴിൽ ദിനങ്ങളിലെ കുറവും തൊഴിലാളികളുടെ എണ്ണത്തിലെ ഇടിവും പദ്ധതിയുടെ ദൗർബല്യത്തിന് കാരണമാകും.