മുബൈ : ന്യൂസിലന്റിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ 143 റണ്‍സിന്റ ലീഡാണ് ന്യൂസിലന്റിനുള്ളത്. സ്പിന്നര്‍മാരാണ് രണ്ടാം ഇന്നിംഗ്സിലും കീവികളെ തകര്‍ത്തത്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 263 റണ്‍സിന് അവസാനിച്ചിരുന്നു. 28 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്റിന് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പിടിച്ച് നില്ക്കാനായില്ല. വില്‍ യങിന്റെ (51) അര്‍ദ്ധ സെഞ്ച്വറിയാണ് വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. നായകന് ടോം ലാതം ഒരു റണ്ണിനും ആദ്യ ടെസ്റ്റിലെ ഹീറോ രചിന് രവീന്ദ്ര നാല് റണ്ണിനും പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും ആര് അശ്വിന് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
നാളെ എത്രയും വേഗം ന്യൂസിലന്റിനെ പുറത്താക്കി വിജയം പിടിച്ചെടുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. സ്പിന്നിന് അനുകൂലമായി മാറിയിരിക്കുന്ന പിച്ചില്‍ ഉത്തരവാദിത്തത്തോട് കൂടി കളിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് വിജയം പിടിച്ചെടുക്കാനാകു. ഈ മത്സരവും ജയിക്കാനായില്ലെങ്കില്‍ നാട്ടില്‍ സമ്പൂര്‍ണ പരമ്പര തോല്‍വി എന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.