ആന എഴുന്നള്ളിപ്പ് നടത്തുന്നതിന് കർശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ എന്നതാണ് പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. ഉദ്ഘാടനങ്ങൾ, സ്വകാര്യ ചടങ്ങുകൾക്ക് ഉപയോഗിക്കാൻ പാടില്ല.
രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം, ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്, 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി എന്നിവ പാടില്ല .
കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമർശനം നടത്തിയിരുന്നു . ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതമെന്നും ആനകള്‍ നേരിടുന്നത് ക്രൂരതയെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും കോടതി പറഞ്ഞു. ക്ഷേത്രക്കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നിലെന്നും ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.