സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും യുഡിഎഫ് മുന്നോട്ടുവെക്കുന്ന ജനക്ഷേമപ്രവർത്തനങ്ങളും തുറന്നുകാട്ടിയും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുമുള്ള കേരള ഡെമോക്രാറ്റിക് പാർട്ടി(കെഡിപി)യുടെ കലാജാഥയ്ക്ക് മികച്ച സ്വീകാര്യത.
നിലവിൽ ചേലക്കര, പാലക്കാട് നിയോജകമണ്ഡലങ്ങൾ പൂർത്തീകരിച്ച് വയനാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്ന കലാജാഥയെ നയിക്കുന്നത് മാണി സി കാപ്പൻ എംഎൽഎയാണ്. കഴിഞ്ഞ മൂന്നിന് രാവിലെ 9:30ക്ക് ചേലക്കരയിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്ത കലാജാഥ ചേലക്കര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം കാഴ്ചവെച്ചു.
കടന്നുപോയ ഇടങ്ങളിലെല്ലാം വലിയ പൊതുജന പിന്തുണ നേടിയാണ് ജാഥ പാലക്കാട്ടേക്ക് കടക്കുന്നത്. 4, 5 തീയതികളിൽ പാലക്കാട്ടെ പര്യടനവും പൂർത്തീകരിച്ചിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, വി കെ ശ്രീകണ്ഠൻ എംപി, എം വിൻസന്റ് എംഎൽഎ, എ എ അസീസ് ഉൾപ്പെടെയുള്ള യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പാലക്കാട് കലാജാഥയെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
സമകാലിക രാഷ്ട്രീയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സ്കിറ്റുകളാണ് കലാജാഥയിൽ പ്രധാനമായും അവതരിപ്പിക്കുന്നത്. കാഴ്ചക്കാരെ കയ്യിലെടുക്കുന്ന തരത്തിലുള്ള ഗാനമേള ഉൾപ്പെടെയുള്ള പൊടിക്കൈകളും കലാജാഥയിലുണ്ട്. പഴയ സിനിമാതാരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും വേഷം അനുകരിക്കലും മിമിക്രിയുംമൊക്കെ കലാജാഥയുടെ ഭാഗമാണ്.
ഏകദേശം 45 മിനിറ്റോളം നീണ്ടുനിൽക്കുന്ന അവതരണമാണ് ഓരോ സ്ഥലങ്ങളിലും നടത്തുന്നത്. 7 മുതൽ കലാജാഥ വയനാട് മണ്ഡലത്തിലേക്ക് പ്രവേശിക്കും. സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ കലാജാഥയെ വയനാട്ടിൽ അഭിസംബോധന ചെയ്തു സംസാരിക്കും. കൃത്യമായ രാഷ്ട്രീയം പറഞ്ഞും വ്യക്തതയോടെ അവതരിപ്പിച്ചും ചർച്ചയിലൂടെയുമാണ് കലാജാഥ ജനഹൃദയങ്ങളിൽ ആവേശം പകർന്നു മുന്നേറുന്നത്.