യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിർമ്മിച്ച എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന യൂണിറ്റാണ് ആരംഭിച്ചിരിക്കുന്നത്. എസ്ആർടിസിയും, സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും, നിംസ് മെഡിസിറ്റിയും സംയുക്തമായാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്.
കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻബത്തേരി, കണ്ണൂർ, കാസർഗോഡ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ ഡിപ്പോകളിലും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കെ.എസ്.ആർ.ടി.സി മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ തുടങ്ങിയവർക്കും ഇതിന്റെ സൗകര്യം ഉപയോഗിക്കാം. യൂണിറ്റിൽ എപ്പോഴും ഒരു നഴ്സിംഗ് ഓഫീസറുടെ സേവനം ലഭ്യമാകും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു യൂണിറ്റ് തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
മുഴുവൻ ജീവനക്കാർക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും എല്ലാ വനിതാ ജീവനക്കാർക്കുമായി കാൻസർ സ്ക്രീനിങ്ങ് ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.