പാലക്കാട് കെപിഎം ഹോട്ടലില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുറിയില്‍ അര്‍ദ്ധരാത്രി നടന്ന പൊലീസ് റെയ്ഡിനെ ന്യായീകരിക്കുകയാണ് സിപിഐഎമ്മും എല്‍ഡിഎഫും. പരാജയഭീതി നേരിട്ടതോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് കോടികളുടെ കള്ളപ്പണം ഇറക്കിയെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.
കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തിലാണ് ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചതെന്നും പരിശോധനയ്ക്കെത്തിയ പൊലീസിനെ ഭയന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഓടി രക്ഷപെട്ടെന്നുമാണ് ഇടതുക്യാമ്പ് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. മടിയില്‍ കനമുള്ളത് കൊണ്ട് ഷാഫി പറമ്പിലും സംഘവും അന്വേഷണത്തെ ഭയക്കുകയാണെന്ന് ആരോപിക്കുന്ന ഇടത് നേതാക്കള്‍ തങ്ങളുടെ വാദം ന്യായീകരിക്കാന്‍ ചില ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തിനാണ് ഓടിരക്ഷപ്പെട്ടത് ? എവിടെയായിരുന്നു ഈ 12 മണിക്കൂര്‍?
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതി ഫെനി എന്നയാള്‍ ഹോട്ടലിലേക്ക് സ്യൂട്ട്കേസുമായി എത്തിയതെന്തിന് ?
പൊലീസ് പരിശോധനക്ക് വന്നപ്പോള്‍ ഷാനിമോള്‍ ഉസ്മാന് മുറി തുറക്കാന്‍ കൂട്ടാക്കാതിരുന്നത് എന്തിന് ?
തമിഴിനാട് രജിസ്ട്രേഷനിലുള്ള ആഡംബര കാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നിരുന്നോ ?
പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരും എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്നും സംശയാസ്പദ സാഹചര്യത്തില്‍ പുറത്തേക്ക് പോയ കാര്‍ ആരുടേത് ? എങ്ങോട്ടാണ് ആ കാര്‍ പോയത് ?
പരിശോധനക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട് ഫോണില്‍ വിളിച്ചത് ആരെ? എന്തിനായിരുന്നു തിടുക്കപ്പെട്ടുള്ള ആ കോളുകള്‍ ?
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന എന്തിനാണ് അട്ടിമറിച്ചത് ?
എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പൊലീസ് അന്വേഷണത്തോട് സഹകരിക്കാതെ അക്രമ സമരങ്ങളിലേക്ക് മാറുന്നത് ?
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോടികളുടെ കള്ളപ്പണം ഇറക്കിയെന്ന സംശയനിഴലില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ആദ്യം ഈ ചോദ്യങ്ങള്‍ക്ക് ഷാഫി പറമ്പിലും സംഘവും വ്യക്തമായ മറുപടി പറയണമെന്നാണ് സിപിഐഎം നേതാക്കളുടെ ആവശ്യം.