കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ അറസ്റ്റിലായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷ കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. ഇന്നുതന്നെ പി പി ദിവ്യ ജയില്‍മോചിതയാവും.
എഡിഎം നവീന്‍ ബാബുവിന്റെ കുടുംബവും പ്രോസിക്യൂഷനും പി പി ദിവ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പി പി ദിവ്യ പാര്‍ട്ടിയില്‍ ശക്തയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ ഇതേ കേസില്‍ മുന്‍കൂര്‍ജാമ്യം തേടി പി പി ദിവ്യ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇതോടെ നിരവധി ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
എ ഡി എം നവീന്‍ ബാബു പ്രശാന്തന് എന്നയാളില്‍ നിന്നും പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം.
പത്തനംതിട്ടയിലേക്ക് സ്ഥലംമാറിപോവുകയായിരുന്ന നവീന്‍ ബാബുവിന് ജീവനക്കാര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ അപ്രതീക്ഷിതമായി എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ, എഡിഎമ്മിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുകയായിരുന്നു.
ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഉണ്ടായ വ്യക്തിയധിക്ഷേപം ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമായിരുന്നു കേസ്.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം ദിവ്യ ജാമ്യാപേക്ഷയില്‍ ആവര്‍ത്തിച്ചു. പ്രായമായ മാതാപിതാക്കള്‍ ഉണ്ടെന്നും, വിദ്യാര്‍ത്ഥിനിയായ മകള്‍ ഉണ്ടെന്നും, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യാപേക്ഷയില്‍ ദിവ്യ വ്യക്തമാക്കിയിരുന്നു.
പരാതിക്കാരനായ പ്രശാന്തില്‍ നിന്നും പണം വാങ്ങിയതിന് തെളിവായി ടവര്‍ ലൊക്കേഷനുകള്‍ ഒന്നായിരുന്നതും, കളക്ടറോട് തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചതായുമുള്ള വെളിപ്പെടുത്തലും ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കേരള മനസാക്ഷിയെ ഞെട്ടിച്ച കണ്ണൂരിലെ എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാന്റ് ചെയ്യപ്പെട്ട പി പി ദിവ്യ കഴിഞ്ഞ 12 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്റ് തടവുകാരിയായി കഴിഞ്ഞത്.
ഇതേ സമയം സി പി ഐ എം പി പി ദിവ്യയ്ക്കെതിരെ സംഘടനാ പരമായ നടപടി സ്വീകരിച്ചിരിക്കയാണ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയായിരുന്നു. സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്.
പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതോടെ സി പി ഐ എമ്മിന്റെ കൂടുതല്‍ സംരക്ഷണം ലഭിക്കാനാണ് സാധ്യത. പാര്‍ട്ടി കേഡര്‍ എന്ന നിലയില്‍ ഒരു തെറ്റു പറ്റിയെന്നും, പാര്‍ട്ടി അവരെ തിരുത്തുമെന്നാണ് നേതാക്കളുടെ പ്രതികരണം.