ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ഫോം ഇല്ലാതെ വലയുന്ന ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്കും സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്കും പൂര്‍ണ പിന്തുണയുമായി പരിശീലകന് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച ഓസീസ് മുന്‍താരം റിക്കി പോണ്ടിങ്ങിനെതിരെ ഗംഭീര്‍ ആഞ്ഞടിച്ചു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പോണ്ടിങ്ങിന് എന്താണ് കാര്യമെന്നാണ് ഗംഭീറിന്റെ ചോദ്യം.
കഴിഞ്ഞ കുറേ നാളുകളായി മോശം ഫോം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് പോണ്ടിംഗ് കോഹ്ലിയെ വിമര്‍ശിച്ചത്. അഞ്ച് വര്‍ഷത്തിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വെറും രണ്ട് സെഞ്ച്വറികള്‍ മാത്രം നേടി മറ്റൊരു താരത്തിനും ഇന്ത്യന്‍ ടീമില്‍ നിലനില്ക്കാന് കഴിയില്ലെന്നായിരുന്നു കോഹ്ലിയെ വിമര്‍ശിച്ച് പോണ്ടിംഗിന്റെ വാക്കുകള്‍. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പോണ്ടിംഗിന് എന്താണ് കാര്യമെന്നും അദ്ദേഹം ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും ഗംഭീര്‍ തുറന്നടിച്ചു.
കോഹ്ലിയും രോഹിതും മികച്ച താരങ്ങളെന്നാണ് ഗംഭീര്‍ വിമര്‍ശനത്തിന് നല്കിയ മറുപടി. ഇന്ത്യന്‍ ക്രിക്കറ്റിനായി ഇരുവരും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്, അത് ഭാവിയിലും തുടരും. ഇരുവരും കഠിനാധ്വാനികളും ക്രിക്കറ്റിനോട് ഇപ്പോഴും അഭിനിവേശം ഉള്ളവരുമാണ്. കൂടുതല്‍ നേട്ടങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്, അതാണ് പ്രധാനമെന്നും ഗംഭീര്‍ പറഞ്ഞു.
അടുത്തിടെ സ്വന്തം നാട്ടില്‍ നടന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ന്യൂസിലന്റിന് മുന്നില്‍ എതിരില്ലാതെ അടിയറ വെച്ചിരുന്നു. പരമ്പരയില്‍ രോഹിതിനും കോഹ്ലിക്കും തിളങ്ങാനാകാഞ്ഞത് ടീമിന് തിരിച്ചടിയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ജയിക്കണമെങ്കില്‍ ഇരുവരും ഫോം കണ്ടെത്തേണ്ടത് അനിവാര്യമാണ്.