ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ് . പ്രസിഡന്റ് അനുര കുമാര ദിസ്സനായകയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പവറിനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് പാർലമെന്റ് പിരിച്ച് വിട്ടത് . നിലവിൽ പാർലമെന്റിൽ ദിസ്സനായകയുടെ പാർട്ടിക്ക് 3 അംഗങ്ങൾ മാത്രമാണ് ഉള്ളത് .
1948-ൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽനിന്നല്ലാതെ വിജയിച്ച ആദ്യത്തെ പ്രസിഡന്റാണ് അനുര കുമാര ദിസ്സനായക. എന്നാൽ 50% വോട്ട് നേടുന്നതിൽ ഉണ്ടായ പരാജയം ആശങ്ക ഉയർത്തി. അഴിമതിക്കെതിരെ പോരാടുമെന്നും മോഷ്ടിച്ച സ്വത്തുക്കൾ ഒക്കെ തിരികെ വീണ്ടെടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. ഇവയെല്ലാം നടപ്പാക്കണമെങ്കിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ മതിയാവൂ.
2019-ൽ സ്ഥാപിതമായ എൻപിപി ശ്രീലങ്കയുടെ രാഷ്ട്രീയ രംഗത്ത് ഒരു പുതുമുഖമാണ്. പരമ്പരാഗത പാർട്ടികളിൽ നിന്ന് ഉള്ള സ്ഥാനാർത്ഥികൾ ആണ് ദിസ്സനായകക്ക് എതിരായി മത്സരിക്കുന്നത്. അതിനാൽ ഭൂരിപക്ഷം ലഭിക്കുക എന്നത് ദിസ്സനായകക്ക് നിർണായകമാണ്.
22 ജില്ലകളിൽ നിന്ന് 196 അംഗങ്ങളെ നേരിട്ട് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുന്നു. ബാക്കിയുള്ള 29 സീറ്റുകൾ ഓരോ പാർട്ടിക്കും ലഭിക്കുന്ന ദ്വീപ് വ്യാപകമായ ആനുപാതിക വോട്ട് അനുസരിച്ചായിരിക്കും. ഒരു വോട്ടർക്ക് ഇഷ്ടമുള്ള പാർട്ടിയിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് മൂന്ന് മുൻഗണനാ വോട്ടുകൾ വരെ രേഖപ്പെടുത്താം.