പാലക്കാട്: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കടന്നാക്രമണം നടത്തിയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് കടന്ന് വന്നത്. സ്നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുത്തെന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനത്തില്‍ സന്ദീപിന്റെ വാക്കുകള്‍. സിപിഐഎം-ബിജെപി ഡീലിനെ എതിര്‍ത്തതും ധര്‍മരാജന്റെ കോള്‍ ലിസ്റ്റില്‍ പേരില്ലാത്തതും ആണ് താന്‍ ചെയ്ത തെറ്റെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ സന്ദീപ് ആഞ്ഞടിച്ചു. താന്‍ കോണ്‍ഗ്രസില്‍ എത്തിയതിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവും ആണെന്ന് സന്ദീപ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയും സിപിഐഎമ്മുമായും ചേര്‍ന്ന് നടത്തുന്ന അഡ്ജെസ്റ്റ്മെന്റ് രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തു, കരുവന്നൂര്‍-കൊടകര ഡീലിനെ എതിര്‍ത്തു, ധര്‍മരാജന്റെ കോള്‍ ലിസ്റ്റില്‍ തന്റെ പേരില്ലാതെ പോയി ഇതൊക്കെയാണ് താന്‍ ചെയ്ത തെറ്റ്. അതൊക്കെ കുറവാണെങ്കില്‍ ആ കുറവ് അംഗീകരിച്ചുകൊണ്ട് ഇനി മുതല്‍ സ്നേഹത്തിന്റെ കടയില്‍ ഒരു മെമ്പര്‍ഷിപ്പ് എടുക്കാനാണ് വന്നത്. ഇതായിരുന്നു സന്ദീപിന്റെ വാക്കുകള്‍.
അങ്ങേയറ്റം വെറുപ്പും വിദ്വേഷവും ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ ഇത്രയും കാലം ജോലിയെടുത്തെന്ന ജാള്യതയാണ് ഇപ്പൊ എന്നെ പേറുന്നത്. അത്തരമൊരു സ്ഥലത്ത് നിന്ന് സ്നേഹവും കരുതലും പ്രതീക്ഷിച്ചതാണ് എന്റെ തെറ്റ്. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു. ഇപ്പൊ ആശ്വാസം ഉണ്ടെന്നും സന്ദീപ് പറഞ്ഞു.
പാലക്കാടെ ഡിസിസി ഓഫീസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് ഒരാള്‍ കോണ്‍ഗ്രസിന്റെ കടയിലേക്ക് വരുന്നു എന്നാണ് വിഡി സതീശന് പ്രതികരിച്ചത്.