പത്തനംതിട്ട : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ സമനില തെറ്റി പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്. വാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമങ്ങള്‍ക്കെതിരെ ഭീഷണിയുമായി സുരേന്ദ്രന് രംഗത്തെത്തി. മാധ്യമങ്ങളില്‍ വരുന്നത് കള്ള വാര്‍ത്തകളാണെന്നും അത് ചെയ്യുന്നവരെ കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ
‘പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ മറവില്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ മൂന്നാല് ദിവസമായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേട് കാണിച്ച ഒരുത്തനേയും വെറുതെ വിടില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരോടാണ്, ഒരു മഹാപ്രസ്ഥാനത്തെ പൊതുസമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ല, അതില്‍ ഒരു സംശയവും വേണ്ട. കള്ളവാര്‍ത്തകള്‍ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയില്‍ തന്നെ കൈകാര്യം ചെയ്യും.’
പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങള്‍ അടക്കം വിവിധ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇന്നലെ കൊച്ചിയില്‍ നടന്ന നേതൃയോഗത്തില്‍ നിന്ന് മൂന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടു നിന്നതും അത് വിഭാഗീയതയുടെ ഭാഗമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒപ്പം ശോഭാ സുരേന്ദ്രന് അടക്കമുള്ള നേതാക്കളെ തോല്‍വിയില്‍ കുറ്റപ്പെടുത്തി കേന്ദ്രനേതൃത്വത്തിന് സുരേന്ദ്രന് കത്തയച്ച വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇതെല്ലാമാണ് സുരേന്ദ്രനെ ചൊടിപ്പിച്ചതെന്നാണ് വിവരം.