പി സി ചാക്കോയ്ക്കെതിരെ എന്‍സിപിയില്‍ പടയൊരുക്കം നടക്കുന്നുണ്ടോ… തോമസ് കെ തോമസും മന്ത്രി എ കെ ശശീന്ദ്രനും ഒരുമിച്ചുനിക്കുമെന്നും പിസി ചാക്കോയെ എന്‍സിപിയില്‍ നിന്ന് പുറത്താക്കുമെന്നും വാര്‍ത്തകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇനി ചാക്കോ മാറാന്‍ തയ്യാറായില്ലെങ്കില്‍ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കാനാണ് തീരുമാനം.
മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കവും കോഴ ആരോപണവും ഉണ്ടായതോടെ ഇരു പക്ഷമായി മാറിയ എന്‍ സി പി സംസ്ഥാന നേതൃത്വം പിടിച്ചെടുക്കാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. പി സി ചാക്കോ നിലവില്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുകൂടിയാണ്.ശരത് പവാറുമായി മായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവുകൂടിയാണ് ചാക്കോ.
കോണ്‍ഗ്രസ് വിട്ടുവന്നവര്‍ക്ക് ചാക്കോ എന്‍ സി പിയില്‍ കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ചാക്കോയ്ക്കെതിരെ നീക്കം ആരംഭിച്ചത്. മന്ത്രി ശശീന്ദ്രനുമായി തുടക്കത്തില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്ന പി സി ചാക്കോ പിന്നീട് ശശീന്ദ്രനുമായി അകലുകയായിരുന്നു. എ കെ ശശീന്ദ്രന് കൈകാര്യം ചെയ്യുന്ന വനം വകുപ്പില്‍ അനാവശ്യമായി ഇടപെടുന്നതായുള്ള ആരോപണമാണ് ചാക്കോ- ശശീന്ദ്രന് ബന്ധം വഷളാവാന്‍ കാരണം. ഇതിനിടിയിലാണ് കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി സ്ഥാനത്തുനിന്നും ശശീന്ദ്രന് മാറി, തന്നെ മന്ത്രിയാക്കണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നുവെന്നുള്ള തോമസ് കെ തോമസിന്റെ വെളിപ്പെടുത്തലില്‍ ചാക്കോയുടെ നിലപാട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചു. തോമസ് കെ തോമസ് രാഷ്ട്രീയത്തില്‍ അത്രയൊന്നും പരിചയ സമ്പന്നനല്ലെന്നും, മന്ത്രിമാറ്റം പാര്‍ട്ടിയുടെ അജണ്ടയില്‍ ഇല്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോയുടെ വെളിപ്പെടുത്തല്‍.
ഇതോടെ തോമസ് കെ തോമസ് വിമത സ്വരവുമായി രംഗത്തുവന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തോമസ് കെ തോമസ് മന്ത്രി സ്ഥാനത്തിനായി പാര്‍ട്ടിയില്‍ പോരാട്ടം നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഇതിനിടയിലാണ് ശശീന്ദ്രനുമായി തെറ്റിയ ചാക്കോ ദേശീയ നേതൃത്വവുമായി സംസാരിച്ച് മന്ത്രി സ്ഥാനത്തേക്ക് തോമസ് കെ തോമസിനെ കൊണ്ടുവരാന്‍ ശ്രമം നടത്തിയത്. ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ചര്‍ച്ച ചെയ്യുകയും വിഷയത്തില്‍ അന്തിമ തീരുമാനം കേരളത്തില്‍ ഉണ്ടാക്കാനും ശരത് പവാര്‍ നിര്‍ദ്ദേശിച്ചു.
ചാക്കോ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തോമസ് കെ തോമസിനെ മന്ത്രായാക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ മന്ത്രിസ്ഥാനത്തുനിന്നും താന്‍ മാറില്ലെന്ന നിലപാടില്‍ ശശീന്ദ്രന് ഉറച്ചു നിന്നതോടെ ചാക്കോ നിലപാട് മയപ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ് തോമസ് കെ തോമസ് രണ്ട് എം എല്‍ എ മാരെ എന്‍ സി പി അജിത് പവാര്‍ വിഭാഗത്തിലേക്ക് എത്തിക്കാനായി കോടികള്‍ വാഗ്ദാനം ചെയ്തെന്ന ആരോപണം ഉയരുന്നത്.
മുന്‍ മന്ത്രി ആന്റണി രാജുവിന്റെ വെളിപ്പെടുത്തല്‍ തോമസ് കെ തോമസിന്റെ മന്ത്രി മോഹത്തിന് അന്ത്യമായി. ഇതോടെയാണ് തോമസ് കെ തോമസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം പിടിക്കാനുള്ള ശ്രമം ആരംഭിച്ചത്. പാര്‍ട്ടി പ്രസിഡന്റായി തോമസ് കെ തോമസ് വരുന്നത് എ കെ ശശീന്ദ്രനും പിന്തുണച്ചുരംഗത്തെത്തിയെങ്കിലും ചാക്കോ, കെ പി സുരേഷ് ബാബുവിനെ സംസ്ഥാന അധ്യക്ഷനായി കൊണ്ടുവരാനുള്ള ചരടുവലികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ എന്‍ സി പിയില്‍ പരസ്യപോരിനുള്ള വഴി തുറന്നിരിക്കുകയാണ്. രണ്ട് എം എല്‍ എമാര്‍ ഒരുമിച്ച് നിന്നാല്‍ അത് ചാക്കോയ്ക്ക് വലിയ തിരിച്ചടിയായി മാറുമെന്നതിലും സംശയമില്ല.