രാജേഷ് തില്ലങ്കേരി
ആയരിക്കണക്കിന് മനുഷ്യര്‍ക്ക് ഒറ്റ രാത്രികൊണ്ട് ജീവഹാനി സംഭവിച്ച നടുക്കുന്ന ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്കിന്ന് നാലുപതിറ്റാണ്ട്. 1984 ഡിസംബര്‍ 2, മധ്യപ്രദേശിന്റെ തലസ്ഥാന നഗരം. രാത്രി ഏകദേശം 10, ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്ന ജനത. കഠിനമായ ശ്വാസ തടവും ചുമയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടിന് പുറത്തേക്കിറങ്ങി. റോഡിലേക്കിറങ്ങിയ പലരും കുഴഞ്ഞു വീണുതുടങ്ങി.
എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാവുന്നതിന് മുന്‍പുതന്നെ പലരും മരിച്ചു വീണുതുടങ്ങിയിരുന്നു. ജനം പരിഭ്രാന്തിയിലായി. ജീവന് രക്ഷിക്കാനായുളള വെപ്രാളത്തില്‍ പലരും കിലോമീറ്ററുകളോളം ഓടി. ഇതില്‍ പലരും വഴിയില്‍ മരിച്ചുവീണു. ഭോപ്പാലിലെ അമേരിക്കന്‍ കീടനാശിനി പ്ലാന്റിലെ പുകക്കുഴലിലൂടെ ചോര്‍ന്നെത്തിയ വിഷവാതകമായ മീഥൈല്‍ ഐസോസിനേറ്റ് ശ്വസിച്ചാണ് ആളുകള്‍ മരിച്ചുവീണത്.
യൂണിയന് കാര്‍ബൈഡ് ഫാക്ടറിയിലെ കീടനാശിനി പ്ലാന്റിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് പുറത്തുവന്ന വിഷവാതകം മണിക്കൂറുകള്‍ക്കുള്ളില്‍ കവര്‍ന്നെടുത്ത് 15,274 മനുഷ്യ ജീവനുകളായിരുന്നു. ഏകദേശം 40 ടണ്‍ വിഷവാതകം ചോര്‍ന്നെന്നായിരുന്നു നിഗമനം.
ടാങ്ക് നമ്പര്‍ 610 ലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് വെള്ളം കയറിയതായിരുന്നു ദുരന്തത്തിന് വഴിവച്ചത്. മീഥൈല്‍ ഐസോ-സയനൈഡ് ഗ്യാസ് വെള്ളത്തില്‍ കലരുകയും രാസപരിണാമത്തിന്റെ സമ്മര്‍ദ്ദഫലമായി ഗ്യാസ് പുറത്തേക്ക് വമിക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. രാത്രി പത്തോടെയാണ് വാതക ചോര്‍ച്ച ആരംഭിച്ചത്. വളരെ പെട്ടെന്നുതന്നെ വിഷവാതകം പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചു.
ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് വിഷവാതകം ശ്വസിച്ചതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിച്ചത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 3787 പേര് മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണ സംഖ്യ എത്രയോ ഇരട്ടിയായിരുന്നു. പതിനാറായിരത്തില്‍പ്പരം മനുഷ്യര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നായിരുന്നു അന്നത്തെ കണക്കുകള്‍. ഇത് സ്ഥിരീകരിക്കാത്ത കണക്കുകളായിരുന്നു.
സംഭവം നടന്ന് 40 വര്‍ഷത്തിനിപ്പുറവും വിഷവാതകം വിതച്ച ദുരിതം ഭോപ്പാലിനെ ഇന്നും വേട്ടയാടിക്കൊണ്ടേയിരിക്കുകയാണ്. ഇപ്പോഴും ഇവിടെ ചില കുട്ടികള്‍ ജനിക്കുന്നത് പൂര്‍ണ ആരോഗ്യമില്ലാതെയാണ്.
രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായിരുന്നു ഭോപ്പാലിലെ യൂണിയന് കാര്‍ബൈഡ് കമ്പനിയിലുണ്ടായ വിഷവാതക ചോര്‍ച്ചയിലൂടെ ഉണ്ടായത്.
യൂണിയന് കാര്‍ബൈഡ് കോര്പ്പറേഷന് 715 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. 7844 കോടി കൂടുതല്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് 2010 ല്‍ ദുരിത ബാധിതര്‍ കോടതിയെ സമീപിച്ചു.
ഏഴ് ഉദ്യോഗസ്ഥരെ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചെങ്കിലും കേസില്‍ പ്രധാന പ്രതിയായിരുന്ന യു സി സി പ്രസിഡന്റ് വാറന്‍ ആന്ഡേഴ്സണ് കോടതിയില്‍ ഹാജരാവാന്‍ പോലും തയ്യാറിയില്ല. 2014 ല്‍ ആന്ഡേഴ്സന് അന്തരിച്ചതോടെ നിയമ പോരാട്ടവും അനിശ്ചിതത്വത്തിലായി.
ലോകത്തുതന്നെ സംഭവിച്ച ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നായാണ് ഭോപ്പാല്‍ ദുരന്തത്തെ കണക്കാക്കുന്നത്. എന്നാലോ ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട ചികില്‍സാ സഹായങ്ങള്‍ കൃത്യമായി നടപ്പാക്കാനോ, നഷ്ടപരിഹാരം പൂര്‍ണമായി വിതരണം ചെയ്യാനോ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല.
എല്ലാവര്ക്കും കൃത്യമായി ചികില്‍സാ സൗകര്യങ്ങളൊരുക്കണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നും 1991 ഒക്ടോബര്‍ മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് ലഭ്യമായത് സര്‍ക്കാര്‍ കണക്കില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് എന്നാല്‍ യാഥാര്‍ഥ കണക്ക് അതിലും ഒരുപാട് കൂടുതലാണ് എന്നതാണ് യാഥാര്‍ഥ്യം.
ദുരന്തത്തില്‍പ്പെട്ടവരുടെ യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ദുരന്തബാധിതരുടെ സംഘടനയുടെ പ്രസിഡന്റ് സതിനാഥ് സാദങ്കി ആവശ്യപ്പെട്ടു. ദുരന്തമേഖലയില്‍ നിന്നും കമ്പനിയുടെ അവശിഷ്ടങ്ങള്‍ മാറ്റാനുള്ള സഹായം ചെയ്യാമെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കാത്തതുകൊണ്ടാണ് അത് നടപ്പാകാത്തതെന്നും സാദങ്കി ആരോപിച്ചു. സര്‍ക്കാര്‍ കണക്കില്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞ് ആറ് വര്‍ഷമായി സഹായം ലഭിക്കുന്നുണ്ട്.
അതും, 12 വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് സാധ്യമായത്. 1992 നും 2004നും ഇടയില്‍ എണ്ണനാവാത്ത വിധം കത്തുകളാണ് സഹായം ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് അയച്ചത്. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണെമെന്നാവശ്യപ്പെട്ട് ഒരു ഭീമന് പരാതിയും സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ 2010 ലാണ് സുപ്രീംകോടതി അനുകൂലമായി വിധി പ്രഖ്യാപിച്ചത്.
സഹായം നൽകുന്നുവെന്ന് പറയുമ്പോഴും അത് പേരിന് മാത്രമാണ്. അവശ്യമുള്ളതിന്റെ മൂന്നിലൊന്ന് മരുന്നുകള്‍ മാത്രമാണ് സര്‍ക്കാര്‍ മുഖാന്തരം ജനങ്ങള്‍ക്ക് കിട്ടുന്നത്. ഇതിനെതിരയാണ് ഭോപ്പാല്‍ ദുരന്ത ബാധിതരുടെ സംഘടന വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് നേരെ ഇപ്പോഴും കണ്ണടക്കുകയാണ്.