അനീഷ എം എ: സബ് എഡിറ്റർ
ആരാധകര്‍ക്ക് ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അര്ജുന് ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ വിജയത്തിന് ശേഷം
താരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫല വിവരങ്ങള്‍ പുറത്തുവരികയാണ്.
ചിത്രത്തിലെ നായകനായ അല്ലു അര്‍ജുന്റെ പ്രതിഫലം 300 കോടിയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാവെന്ന പട്ടം അല്ലു അര്ജുന് ലഭിച്ചു കഴിഞ്ഞു. വിജയ്, ഷാരൂഖ് ഖാന് അടക്കമുള്ള നടന്മാരെ പിന്നിലാക്കിയാണ് അല്ലു ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പുഷ്പ 2വില്‍ നായിക കഥാപാത്രമായി എത്തുന്ന രശ്മിക മന്ദാനയുടെ പ്രതിഫലം പത്ത് കോടിയാണെന്നാണ് പ്രമുഖ എന്റര്ടെയ്ന്മെന്റ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്‍വാര്‍ സിങ് ശെഖാവത് എന്ന കഥാപാത്രമായെത്തുന്ന ഫഹദ് ഫാസിലിന്റെ പ്രതിഫലം എട്ട് കോടിയാണ്. പുഷ്പ 2വിലെ കിസിക്ക് എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ശ്രീലീലയുടെ പ്രതിഫലം രണ്ട് കോടിയാണ്. ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും.