ന്യൂഡല്‍ഹി : ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ വാര്യര്‍ കെ പി സി സി ജന. സെക്രട്ടറിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കെ പി സി സി പുന:സംഘടനയ്ക്ക് മുന്‍പുതന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഡല്‍ഹിയില്‍ എത്തിയ സന്ദീപ് വാര്യര്‍ എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലിനേയും കേരളത്തിന്റെ ചുമതലയുള്ള ജന.സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയേയും കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഏത് പദവി തന്നാലും സ്വീകരിക്കുമെന്നും സജീവ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങേണ്ടതിനാല്‍ തീരുമാനം വൈകരുതെന്നും സന്ദീപ് നേതാക്കളെ അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു ബി ജെ പി സംസ്ഥാന നേതൃത്വുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പാലക്കാട്ടെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറുമായുണ്ടായ തര്‍ക്കവും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുണ്ടായ അഭിപ്രായ ഭിന്നതയുമായിരുന്നു സന്ദീപിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍.
ഈ നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍ നടത്തിയ രൂക്ഷ വിമര്‍ശനം കോണ്‍ഗ്രസിലേക്കുള്ള വഴി തുറന്നു. പാലക്കാട്ടെ വന്‍ വിജയത്തിന് സന്ദീപ് വാര്യര്‍ എഫക്ടും വഴിയൊരുക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തിയത്.