കൊച്ചി: ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യരെ കെപിസിസി ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കുമെന്നതിൽ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പാർട്ടി സ്ഥാനത്തിന് പുറമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിലേക്ക് പരിഗണിക്കുമെന്ന കാര്യവും ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ജില്ലയായ പാലക്കാട് തന്നെ, വ്യക്തിപരമായി ഏറ്റവും അധികം ബന്ധങ്ങൾ കൂടിയുള്ള ഒറ്റപ്പാലം, ഷോർണൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥി ആകുമെന്ന സൂചനകൾ ആയിരുന്നു ഒരു ഘട്ടത്തിൽ പുറത്തുവന്നിരുന്നത്. എന്നാൽ, തൃശ്ശൂർ മണ്ഡലത്തിൽ അട്ടിമറി വിജയത്തിന് സന്ദീപിനെ കോൺഗ്രസ് ഇറക്കുമെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ കഴിയുന്നത്. കോൺഗ്രസിന് ബാലികേറാ മലയൊന്നും അല്ലാത്ത തൃശ്ശൂരിൽ തുടർച്ചയായി വിജയിച്ചു കൊണ്ടിരിക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥികളാണ്. കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയുമായ പത്മജാ വേണുഗോപാലിനെ പലയാവർത്തി പരിഗണിച്ചിട്ടും തൃശ്ശൂരിൽ ഏശിയിരുന്നില്ല. അവിടെക്കാണ് സന്ദീപിനെ പാർട്ടി നിയോഗിക്കുവാൻ ഒരുങ്ങുന്നത്. ബിജെപി വിട്ടുവന്ന സന്ദീപിന് കോൺഗ്രസിനുള്ളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സന്ദീപിനെ സ്ഥാനാർത്ഥി ആക്കുന്നതിലൂടെ തങ്ങളിൽ നിന്നും വിട്ടുപോയ പരമ്പരാഗത ഹിന്ദു വോട്ടുകളെ വീണ്ടും തിരികെ കൊണ്ടുവരുവാൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു. മണ്ഡലത്തിൽ ഏറ്റവും അധികം ഉള്ളത് ക്രൈസ്തവ, ഹിന്ദു നായർ വോട്ടുകളാണ്. ഈ വോട്ടുകളെ സമാഹരിക്കുവാൻ സന്ദീപിന് കഴിയും. അത്തരം ആലോചനകൾ ഉണ്ടാകുമ്പോൾ കാലങ്ങളായി മണ്ഡലത്തിൽ വിജയക്കൊടി പാറിപ്പിക്കുവാൻ കഴിയാത്തതുകൊണ്ട് തന്നെ ആരും തന്നെ എതിർക്കുവാനും സാധ്യതയില്ല. അതേസമയം, ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കുവാനുള്ള സന്ദീപ് വാര്യരുടെ നീക്കങ്ങളെ കോൺഗ്രസ് നേതൃത്വം ആവേശപൂർവ്വമാണ് കാണുന്നത്. ദേശീയതലത്തിൽ പലരും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം സംതൃപ്തരാണ്. എന്നാൽ കോൺഗ്രസിന്റെ നീക്കങ്ങളെ ശ്രദ്ധയോടെയാണ് ബിജെപി നേതൃത്വം വീക്ഷിക്കുന്നത്. ഒരുപക്ഷേ തൃശൂരിൽ സന്ദീപ് സ്ഥാനാർത്ഥിയായാൽ പത്മജാ വേണുഗോപാലിനെ തന്നെ രംഗത്തിറക്കി അട്ടിമറി വിജയം നേടുവാനും ബിജെപി ശ്രമം നടത്തിയേക്കാം. പത്മജയുടെ സ്ഥാനാർത്ഥിത്വം എൽഡിഎഫ് ആകട്ടെ വലിയ പ്രചാരണ ആയുധമാക്കി മാറ്റുകയും ചെയ്യും. അത്തരം ഒരു ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. എന്തായാലും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമായി തൃശ്ശൂർ മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.