ഇന്ത്യാ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തയല്ലെന്നും മുന്നണിയെ നയിക്കാന്‍ സന്നദ്ധയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സഖ്യത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താനെന്നും അവസരം ലഭിച്ചാല്‍ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയുമെന്നും മമത അഭിമുഖത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മമതയുടെ അഭിപ്രായത്തോട് മുഖം തിരിക്കുന്നെങ്കിലും സഖ്യകക്ഷികള്‍ പലരും തൃണമൂല്‍ നേതാവിന് പിന്തുണ നല്‍കുന്നുണ്ട്.
മമതയുടെ അഭിപ്രായം ചര്‍ച്ച ചെയ്യണമെന്നും മമതയ്ക്ക് 100 ശതമാനം പിന്തുണ നല്‍കുമെന്നും സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കി. മമത അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് പരിഗണിക്കണമെന്നും തങ്ങള്‍ പിന്തുണയ്ക്കണമെന്നും എസ്പി ദേശീയ വക്താവ് ഉദയ്വീര് സിംഗ് പറഞ്ഞു. മമത നേതൃത്വത്തില്‍ വരുന്നത് ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്തുമെന്നാണ് എസ്പിയുടെ നിലപാട്. ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റം തടഞ്ഞത് മമതയാണ്. മമതയുമായി വളരെ മുന്‍പ് മുതല്‍ വൈകാരികമായ ബന്ധമുണ്ടെന്നും ഉദയ്വീര് സിംഗ് ചൂണ്ടിക്കാട്ടുന്നു.
ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തോല്‍വികളില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ് എസ്പി. രണ്ടിടങ്ങളിലും പ്രധാന പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു, പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാഞ്ഞത് കോണ്‍ഗ്രസിന്റെ കുറ്റമാണെന്ന വിമര്‍ശനമാണ് എസ്പി ഉയര്‍ത്തുന്നത്.
എന്നാല്‍ മമത നേതൃത്വത്തിലേക്ക് വരുന്നതില്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. മമത അങ്ങനെ ചിന്തിക്കുന്നുണ്ടാകും എന്നാല്‍ തങ്ങള്‍ അങ്ങനെ ചിന്തിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് എംപി വര്‍ഷ ഗെയ്ക്വാദ് പറഞ്ഞിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ഇന്ത്യാ സഖ്യം ഭിന്നിക്കുന്ന കാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉള്‍പ്പെടെ കാണാന്‍ കഴിയുന്നത്. എസ്പി കുറച്ച് നാളുകളായി കോണ്‍ഗ്രസിനോട് നീരസത്തിലാണ്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തങ്ങളെ അറിയിക്കാതെ സംഭല്‍ സന്ദര്‍ശിക്കാനായി പോയത് എസിപിയെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. മുസ്ലിം വിഭാഗത്തിന്റെ രക്ഷകസ്ഥാനം കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഏറ്റെടുക്കുന്നെന്ന വിമര്‍ശനമാണ് എസ്പി ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശിലെ തങ്ങളുടെ വോട്ട് ബാങ്കില്‍ ഒന്നായ മുസ്ലിം വിഭാഗത്തോട് കോണ്‍ഗ്രസ് അടുക്കുന്നത് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍.