എലോൺ മസ്കിൻ്റെ ഗ്രോക്ക് AI ചാറ്റ്ബോട്ട് ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാണ്. നിലവിൽ ഗ്രോക്ക് ഒരു പേവാളുമായി ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ബോട്ട് സൗകര്യം സൗജന്യമായി ഉപയോഗിക്കാനാകും.
2023-ൽ മസ്കിന്റെ xAI ആണ് ഗ്രോക്ക് ആദ്യമായി ആരംഭിച്ചത്. തുടർന്ന് എക്സുമായി സംയോജിപ്പിച്ചിരുന്നു. എന്നാൽ ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായി ചാറ്റ്ബോട്ടിലേക്ക് ആക്സസ് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് എക്സ് പ്രീമിയം സബ്സ്ക്രിപ്ഷൻ വേണ്ടി വന്നിരുന്നു.
എല്ലാ ഉപയോക്താക്കൾക്കും ഗ്രോക്ക് ലഭ്യമാണെന്ന് സ്ഥിരീകരിക്കുന്ന ഒരു ഔപചാരിക പ്രസ്താവന മാതൃ കമ്പനിയായ xAI ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, എക്സ് പ്രീമിയം സബ്സ്ക്രിപ്ഷൻ വാങ്ങാതെ തന്നെ ഗ്രോക്കിലേക്ക് ആക്സസ് നേടാൻ കഴിഞ്ഞെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.